na

ശാസ്താംകോട്ട : പന്ത്രണ്ടു വയസുകാരിയെ ലൈം​ഗിക അതിക്രമത്തിന് വിധേയയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. കടമ്പനാട്, തുവയൂർ, പാലപ്പള്ളിൽ വീട്ടിൽ ഹരിശ്ചന്ദ്രനെ (38)ശാസ്താംകോട്ട എസ്.ഐ. അനീഷ്, എ.എസ്.ഐ ഷാജഹാൻ, കെ.എ.പി സേനാം​ഗം നന്ദകുമാർ ലഹരിവിരുദ്ധ സ്കോഡ് എസ്.ഐ.രഞ്ചു, ആഷിർകോഹൂർ, സജിജോൺ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.പ്രതി ഒളിവിൽ താമസിച്ച്കൊണ്ടിരുന്ന മാറനാട് മലയിൽ നിന്ന് പൊലീസ് സാഹസികമായി പിടികൂടിയത്. 18 ന് രാത്രി 1 മണിക്കായിരുന്നു സംഭവം നടന്നത്. വാടകക്ക് താമസിക്കാനായി എത്തിയ പെൺകുട്ടിയുടെയും കുടുംബത്തിന്റെയും വീട്ടുസാധന സാമ​ഗ്രികൾ ഇറക്കുന്നതിന് സഹായിയായി എത്തിയ പ്രതി വീട്ടിലെ സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം രാത്രി 1 മണിയോടുകൂടി എത്തി ജനലിലൂടെ കൈയെത്തി വാതിൽ തുറന്ന ശേഷം വീട്ടിനകത്ത് കടന്ന് കയറി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. രാത്രി ആയതിനാൽ പെൺകുട്ടിക്ക് ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മുറ്റത്ത് പതിഞ്ഞിരുന്ന പ്രതിയുടെ കാൽ പാടുകൾ വിലയിരുത്തിയാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. പ്രതിയുടെ കാൽപാദത്തിന്റെ സവിശേഷതകൾ പ്രതിയെ കണ്ടെത്തുന്നതിന് പൊലീസിന് സഹായകമായി.