
ഒരിക്കലെടുത്ത തീരുമാനം പിന്നീട് മാറ്റിക്കൂടെന്നില്ല
തിരുവനന്തപുരം: സാഹചര്യങ്ങളുടെ വസ്തുനിഷ്ഠത മനസ്സിലാക്കി തീരുമാനമെടുക്കാനുള്ള കഴിവാണ് സി.പി.ഐ നേതൃത്വത്തിനുള്ളതെന്നും, ഒരിക്കൽ തീരുമാനമെടുത്താൽ പിന്നീടത് മാറ്റില്ലെന്ന നിലപാടില്ലെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
ജോസ് കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട വാർത്താലേഖകരുടെ ചോദ്യങ്ങൾക്കായിരുന്നു കാനത്തിന്റെ മറുപടി. നിയമസഭാ സീറ്റ് വിഭജനചർച്ചകളൊന്നും എൽ.ഡി.എഫിന്റെ അജൻഡയിൽ ഇപ്പോഴില്ല. തദ്ദേശ തിരഞ്ഞെടുപ്പ് മാത്രമാണ് മുന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
നാല്പത് വർഷം യു.ഡി.എഫിൽ നിന്നശേഷം ഇടതുമുന്നണിയാണ് ശരിയെന്ന് പറഞ്ഞ് ഒപ്പം വരാൻ ജോസ് കെ. മാണി തയാറെടുത്താൽ, പഴയ നിലപാട് ആവർത്തിച്ചുകൊണ്ടിരിക്കുകയല്ല വേണ്ടത്. സി.പി.ഐ നിലപാട് മയപ്പെടുത്തിയെന്ന വാർത്ത ശരിയല്ല. പ്രായോഗിക രാഷ്ട്രീയത്തിൽ മുന്നണിയുടെ ശക്തിപ്പെടുത്തലിന് പല തീരുമാനങ്ങളും വേണ്ടിവരും. ജോസ് കെ. മാണി വരുന്നതോടെ, മീനച്ചിലാർ കിഴക്കോട്ടൊഴുകുമെന്നൊന്നും ഞങ്ങൾക്കഭിപ്രായമില്ല. എന്നാൽ, യു.ഡി.എഫിലെ ഒരു കക്ഷി വിട്ടുവരുമ്പോൾ ആ സംവിധാനം ദുർബലപ്പെടുമെന്ന് കരുതാൻ സാധാരണ ബുദ്ധി മതി.
കഴിഞ്ഞ സർക്കാരിനെതിരായ അഴിമതിവിരുദ്ധ പോരാട്ടമാണ് ഇടതുമുന്നണിയെ അധികാരത്തിലെത്തിച്ചത്. അതിലൊന്ന് മാത്രമായിരുന്നു ബാർകോഴ. ജോസ് കെ. മാണി പത്ത് കോടി വാഗ്ദാനം ചെയ്തെന്ന ആരോപണം ബിജുരമേശ് ഉന്നയിച്ചത് കഴിഞ്ഞദിവസമാണ്. അതിന് തലേന്ന് തന്നെ ഞങ്ങൾ ജോസ് കെ.മാണിയെ സ്വാഗതം ചെയ്തിരുന്നു. യു.ഡി.എഫുമായുള്ള അഭിപ്രായഭിന്നത മൂലം മന്ത്രിസ്ഥാനം രാജിവച്ച്, ഇടതുമുന്നണിയുമായി ചേർന്ന് കെ.ബി. ഗണേശ് കുമാർ മത്സരിച്ച് ജയിച്ച ശേഷമാണ് മുന്നണിയുടെ ഭാഗമാക്കിയത്. യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് എൽ.ഡി.എഫിനെയും സർക്കാരിനെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്താൻ ശ്രമിക്കുമ്പോൾ ,യു.ഡി.എഫിനെതിരായ നിലപാട് ഞങ്ങളും സ്വീകരിക്കും. സി.പി.എമ്മും സി.പി.ഐയും നയിക്കുന്ന മുന്നണി അംഗീകരിച്ച മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. പ്രകടനപത്രികയിലെ 99 ശതമാനവും നടപ്പാക്കിക്കഴിഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് ഒന്നും പറയാനാവില്ല. ജമാഅത്തെ ഇസ്ലാമിയുമായി സഹകരിക്കാനുള്ള കോൺഗ്രസ് നീക്കം മതനിരപേക്ഷ നിലപാടുകൾ ഉപേക്ഷിക്കുന്നതിന് തെളിവാണ്- കാനം പറഞ്ഞു. പാർട്ടി സംസ്ഥാന അസി. സെക്രട്ടറിമാരായ കെ. പ്രകാശ്ബാബുവും സത്യൻ മൊകേരിയും പങ്കെടുത്തു.