കുളത്തൂർ: വി.എസ്.എസ്.സിയുടെ ഇൻസ്റ്റെഫിൽ കരാർ തൊഴിലാളികളെ ജോലിയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിവന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പായി. ഗാർഡൻ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ ജോലിയെടുത്തിരുന്ന കരാർ തൊഴിലാളികളിൽ ആറുപേരെ ഒഴിവാക്കിയ നടപടി അധികൃതർ പിൻവലിച്ചതിനെത്തുടർന്നാണ് സമരം അവസാനിച്ചത്. സമരം ചെയ്‌തിരുന്ന തൊഴിലാളികൾ ഇന്നലെ മുതൽ ജോലിയിൽ പ്രവേശിച്ചു. ഒഴിവാക്കപ്പെട്ട തൊഴിലാളികൾക്ക് പകരമായി പുതിയ തൊഴിലാളികളെ പൊലീസ് സഹായത്തോടെ ജോലിക്കെടുക്കാനുള്ള അധികൃതരുടെ ശ്രമം സി.ഐ.ടി.യു തൊഴിലാളികൾ ഇടപെട്ട് തടഞ്ഞിരുന്നു. സമരം വിജയിച്ചതിനെ തുടർന്ന് ഏരിയാകമ്മിറ്റി അംഗം സുരേഷ്ബാബുവിനും മറ്റ് നേതാക്കൾക്കും തൊഴിലാളികളുടെ നേതൃത്വത്തിൽ ഇന്നലെ സ്വീകരണം നൽകി.