kaumudy-news-headlines

തിരുവനന്തപുരം: സ്ത്രീകളെ സൈബർ ലോകത്ത് അപമാനിക്കുന്ന യൂ ട്യൂബർ വിജയ് പി. നായരെ പോലുള്ള കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കാൻ പൊലീസ് നിയമം ഭേദഗതി ചെയ്‌ത് ഉടൻ ഒാർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ സൈബർ കുറ്റവാളികൾക്കെതിരെ സ്ത്രീകൾ നൽകുന്ന പരാതികളിൽ കേസെടുക്കാൻ നിലവിലെ നിയമങ്ങൾക്കാകുന്നില്ല. ഭാഗ്യലക്ഷ്മിയെ പോലുള്ള സ്ത്രീസംരക്ഷണ പ്രവർത്തകർ നിയമം കൈയിലെടുക്കുന്ന സ്ഥിതി ഉണ്ടായി. ഇത് സ്ത്രീകളിൽ കടുത്ത ആശങ്കയുണ്ടാക്കുന്നു. ഇതും സമൂഹമാദ്ധ്യമങ്ങളിലെ വിദ്വേഷ, അപവാദ പ്രചാരണങ്ങളെ കുറിച്ച് മേയ് മാസത്തിൽ കേരള ഹൈക്കോടതി നടത്തിയ പരാമർശവും വർദ്ധിച്ചുവരുന്ന ഈ പ്രവണത അവസാനിപ്പിക്കാൻ നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും ഹൈക്കോടതി നൽകിയ നിർദ്ദേവും കണക്കിലെടുത്താണ് ഭേദഗതി.

2000ലെ ഐ. ടി നിയമത്തിലെ 66എ വകുപ്പും 2011ലെ കേരള പൊലീസ് നിയമത്തിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിനു എതിരാണെന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പകരം മറ്റു നിയമങ്ങളൊന്നും കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടാൻ പൊലീസിന് കഴിയുന്നില്ല. ഇത് പരിഹരിക്കാനാണ് ഭേദഗതി.

 പൊലീസ് നിയമത്തിൽ 118എ ഭേദഗതി

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഏതെങ്കിലും ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് അഞ്ചുവർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥ