
സർവ്വീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ നിയമനങ്ങളിൽ 10 ശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സർവീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ ഇന്നലെ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വിജ്ഞാപനം പുറപ്പെടുവിക്കുന്ന തിയതി മുതൽ പ്രാബല്യമുണ്ടാവും. ഇതോടെ, നിയമനങ്ങളിൽ സാമ്പത്തിക സംവരണം പൂർണ്ണതോതിൽ നടപ്പാക്കുന്നതിനുള്ള ഭരണപരമായ തടസ്സങ്ങൾ നീങ്ങും..മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് 10 ശതമാനം സംവരണം ഏർപ്പെടുത്താൻ ഇടതു സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.103ാം ഭരണഘടനാ ഭേദഗതിയുടെയും , കേന്ദ്രസർക്കാർ വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തിലാണിത്.
മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് റിട്ട. ജഡ്ജി കെ. ശശിധരൻ നായർ ചെയർമാനും ,അഡ്വ. കെ. രാജഗോപാലൻ നായർ മെമ്പറുമായ കമ്മിഷനെ സർക്കാർ നിയോഗിച്ചിരുന്നു.കമ്മിഷന്റെ ശുപാർശകൾ പരിഗണിച്ചാണ് മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. നിലവിൽ പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്ക സമുദായങ്ങൾക്ക് 50 ശതമാനം സംവരണമാണുള്ളത്. പൊതുവിഭാഗത്തിലെ ബാക്കി 50 ശതമാനത്തിൽ നിന്നാണ് 10 ശതമാനം സാമ്പത്തിക സംവരണം. അനുവദിക്കുന്നത്..
കടകളുടെ
രജിസ്‌ട്രേഷൻ
ലേബർ കമ്മിഷണറുടെ ഓട്ടോമേഷൻ സിസ്റ്റം വഴി ഫീസടച്ചാൽ കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷൻ ഓൺലൈനായി പുതുക്കുന്നതിന് നിയമപ്രാബല്യം നൽകുന്ന ഭേദഗതി ഒാർഡിനൻസിറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.