
തുറവൂർ: മാരക മയക്കുമരുന്നുകളുമായി അരൂരിൽ നിന്ന് അഞ്ച് യുവാക്കളെ എക്സൈസ് പിടികൂടി. അരൂർ പഞ്ചായത്ത് 22 -ാം വാർഡ് തിരുത്താളിൽ വീട്ടിൽ അഭിഷേക് (18), തിരുത്താളിൽ അഭിനവ് (19), 21-ാം വാർഡിൽ ഉള്ളാട വെളി അശ്വിൻ (19), ഇടക്കൊച്ചി തൊറേക്കാട്ട് അക്ഷയ് (19), ഇടക്കൊച്ചി മനേഴത്ത് വിപിൻ (20) എന്നിവരെയാണ് കുത്തിയതോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.എസ് സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൈകിട്ട് പിടികൂടിയത്. മുന്തിയ ഇനം മയക്കു മരുന്നുകളായ എൽ.എസ്.ഡി സ്റ്റാംപ് - 170 മില്ലി ഗ്രാം , എം.ഡി. എം .എ - 630 മില്ലിഗ്രാം ,ഹാഷിഷ് ഓയിൽ - 2.980 ഗ്രാം എന്നിവയും 74 ഗ്രാം കഞ്ചാവും 2 ബൈക്കുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കുമ്പളങ്ങിയിലെ ഒരു റിസോർട്ടിൽ സംഘടിപ്പിച്ചിരുന്ന പാർട്ടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ അരൂർ കെൽട്രോൺ ഫെറിയിൽ വച്ചാണ് യുവാക്കൾ കുടുങ്ങിയത്. ഹെൽമറ്റിലും ജീൻസിന്റെ പ്രത്യേക അറയിലും സൂക്ഷിച്ചിരിക്കുകയായിരുന്നു മയക്കു മരുന്ന്. കുതറി ഓടാൻ ശ്രമിച്ച ഇവരെ മൽപ്പിടുത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. ബാംഗ്ളൂർ, ഗോവ എന്നിവിടങ്ങളിൽ പഠിക്കുന്ന ചിലരാണ് മയക്കു മരുന്ന് എത്തിച്ചു നൽകിയതെന്ന് യുവാക്കൾ പറഞ്ഞതായും കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു.അസി.എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ബിനീഷ്, പ്രിവന്റിവ് ഓഫീസർ സുമേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുധികുമാർ, സാജൻ ജോസഫ്,അഭിലാഷ്, മോബി വർഗീസ്, പ്രവീൺകുമാർ,ഉമേഷ്,വിപിൻ,ശ്രീജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.