
പോത്തൻകോട്: ജലവിതരണ പദ്ധതിയിൽ മാതൃകയാകേണ്ട ആനതാഴ്‌ചിറ വികസനവും നവീകരണവും അധികൃതർ മറന്നു. ആരും തിരിഞ്ഞുനോക്കാതെ നാശത്തിന്റെ വക്കിലെത്തിയ ചിറ ഇന്ന് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്. ആറ് പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ട് ഇവിടെ പ്രഖ്യാപിച്ച വികസന പദ്ധതികളെല്ലാം കടലാസിലും നടപ്പിലാക്കിവയിൽ പലതും അവതാളത്തിലുമായി. മംഗലപുരം ഗ്രാമ പഞ്ചായത്ത് ഉൾപ്പെടെ ആറ് പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്ന തരത്തിൽ ആസൂത്രണം ചെയ്‌ത പദ്ധതിയാണിത്. എന്നാൽ നവീകരണത്തിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അനുവദിച്ച കോടികൾ ചെലവഴിച്ചിട്ടും പദ്ധതി എങ്ങുമെത്തിയില്ല. രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ 2014 ജൂലായ് 10ന് ഉദ്ഘാടനം ചെയ്‌തതും വെറുതെയായി. ചെളി നീക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടർന്ന് 2015ൽ വാട്ടർ അതോറിട്ടി താത്കാലികമായി നിർമ്മാണം നിറുത്തിവയ്‌പ്പിക്കുകയായിരുന്നു. എന്നാൽ കുടിവെള്ളക്ഷാമം നേരിട്ടതോടെ വാട്ടർഅതോറിട്ടിയും അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തും സംയുക്തമായി പദ്ധതി പ്രദേശത്ത് ഒരു ഫിൽറ്റർ പ്ലാന്റ് യൂണിറ്റ് സ്ഥാപിച്ച് ജലവിതരണം ഭാഗികമായി ആരംഭിച്ചതും നിലച്ചു.
പ്രതീക്ഷയാകേണ്ട പദ്ധതി
കേരള വാട്ടർ അതോറിട്ടിയുടെ കീഴിലുള്ള ആനതാഴ്ചിറയിൽ മഴവെള്ളം തദ്ദേശീയമായി ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. ഒഴുകിയെത്തുന്ന മഴവെള്ളം ട്രീറ്റ്മെന്റ് പ്ലാന്റുകൾ വഴി ശുദ്ധീകരിച്ച് പഞ്ചായത്ത് പ്രദേശങ്ങളിൽ വിതരണം നടത്തുന്നതായിരുന്നു പദ്ധതി
പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്:
150 എം.എൽ.ഡി വെള്ളം
ആദ്യഘട്ടത്തിനായി അനുവദിച്ചത്:
2.10 കോടി ( 2010 ൽ )
രണ്ടാംഘട്ടത്തിനായി അനുവദിച്ചത്:
2.16 കോടി രൂപ ( 2014 ൽ ) + 4.41 കോടി
ആകെ 6.57 കോടി
പദ്ധതി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടത് - 2015ൽ
'' നാല് പഞ്ചായത്തുകൾക്ക് കുടിവെള്ളമെത്തിക്കാൻ കഴിയുമായിരുന്ന ആനതാഴ്ച്ചിറ സമഗ്ര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകാതെ വന്നതോടെ ഈ പഞ്ചായത്തുകളിൽ ജലക്ഷാമം അതിരൂക്ഷമാണ്. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 0.5 എം.എൽ.ഡി കപ്പാസിറ്റിയുള്ള ഒരു മൈക്രോ ഫിൽറ്റർ യൂണിറ്റ് കമ്മിഷൻ ചെയ്‌തിരുന്നു. പുതിയ വെള്ളൂർ - ആനതാഴ്ച്ചിറ ബണ്ടുറോഡ് നിർമ്മാണത്തിനായി സി. ദിവാകരൻ എം.എൽ.എയുടെ ശ്രമഫലമായി ബഡ്‌ജറ്റിൽ 50 ലക്ഷം രൂപ അനുവദിച്ചു.
ജയചന്ദ്രൻ, വെള്ളൂർ വാർഡ് അംഗം