
തിരുവനന്തപുരം:ഡോക്ടർമാർ, നഴ്‌സുമാർ, ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ എന്നിവർക്ക് മണിക്കൂറുകളോളമുള്ള പി.പി.ഇ കിറ്റിന്റെ ഉപയോഗം കാരണമുള്ള ബുദ്ധിമുട്ടൊഴിവാക്കാൻ നൂതന സംവിധാനവുമായി തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി. ബാറ്ററിയിൽ പ്രവർത്തിക്കുന്ന എയർ പ്യൂരിഫൈയിംഗ് റെസ്‌പിറേറ്ററാണ് (പവേർഡ് എയർ പ്യൂരിഫൈയിംഗ് റെസ്‌പിറേറ്റർ- പി.എ.പി.ആർ) ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസമേകാൻ എത്തുന്നത്.
ബിസിനസ് ഇൻക്യുബേറ്ററായ ടൈമെഡ് വഴി കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നൽകിയ നിധി പ്രയാസ് പദ്ധതിയുടെ സാമ്പത്തികസഹായം ഉപയോഗിച്ചാണ് പി.എ.പി.ആർ നിർമ്മിച്ചത്.
രൂപകല്പന ഇങ്ങനെ
ഫേസ് കവറിന് സമാനമായ രീതിയിൽ മുഖം പൂർണമായി മറയുന്ന വിധത്തിലാണ് പി.എ.പി.ആറിന്റെ രൂപകല്പന. എൻ 95 മാസ്‌ക് പോലുള്ള നെഗറ്റീവ് പ്രഷർ റെസ്‌പിറേറ്ററുകൾ ഉപയോഗിക്കുമ്പോൾ ശ്വാസമെടുക്കാൻ ഉണ്ടാകുന്ന പ്രയാസം ഇല്ലെന്നതാണ് ഇവയുടെ ഗുണം. ഡക്ക്‌ഷെൽ പി.എ.പി.ആർ എന്ന് പേര് നൽകിയിരിക്കുന്ന എയർ പ്യൂരിഫൈയിംഗ് ഫിൽറ്റർ വികസിപ്പിച്ചെടുത്തിരിക്കുന്നത് പൊതുജനാരോഗ്യ വിദഗ്ദ്ധനായ ഡോ. പ്രവീൺ പൈയും ഡിഷെൽ സയന്റിഫിക്‌സും ചേർന്നാണ്.
പ്രവർത്തനം 810 മണിക്കൂർ വരെ
അനസ്‌തേഷ്യ മെഷീനുകളിലും വെന്റിലേറ്ററുകളിലും ഉപയോഗിക്കുന്ന അംഗീകൃത വൈറസ് ഫിൽറ്റർ/എച്ച്.എം.ഇ ഫിൽറ്ററാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ അണുവിമുക്തമായ വായുവാണ് പി.എ.പി.ആറിന് അകത്തേക്ക് പ്രവേശിക്കുന്നത് . ഉച്ഛ്വാസവായു മറ്റൊരു ഫിൽറ്റർ വഴി പുറത്തുകളയുന്നു. കാഴ്ചയ്ക്ക് തടസം ഉണ്ടാക്കാത്തതിനാൽ ശസ്ത്രക്രിയ പോലുള്ളവ ചെയ്യുമ്പോഴും ഇവ ധരിക്കാനാകും. പൂർണമായി ചാർജ് ചെയ്ത പി.എ.പി.ആർ 810 മണിക്കൂർ വരെ പ്രവർത്തിക്കും. മൂന്ന് മണിക്കൂറിൽ താഴെ സമയം കൊണ്ട് ഇത് ചാർജ് ചെയ്യാൻ സാധിക്കും. താരതമ്യേന കുറഞ്ഞ വിലയിൽ ഇവ ഉത്പാദിപ്പിച്ച് വിപണിയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഡക്ക്‌ഷെൽ.
ഡോക്ടർമാർ, എൻജിനിയർമാർ, ഡിസൈനർമാർ, പി.പി.ഇ മേഖലയിലെ വിദഗ്ദ്ധർ എന്നിവരുടെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് തദ്ദേശീയമായാണ് ഡക്ക്‌ഷെൽ പി.എ.പി.ആർ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
എസ്. ബൽറാം, ടൈമെഡ് സി.ഇ.ഒ