
പാറശാല: കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലെ 'ആനമുത്തച്ഛൻ' സോമൻ ലോകത്തിലെ ഏറ്റവും പ്രായമുള്ള ആനയെന്ന ഗിന്നസ് റെക്കാഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നു. അടുത്തിടെ ചരിഞ്ഞ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ചെങ്കള്ളൂർ ക്ഷേത്രത്തിലെ ദാക്ഷായണിയാണ് ഏറ്റവും പ്രായമുള്ള ആനയായി കണക്കാക്കിയിരുന്നത്. ചരിയമ്പോൾ, 82 വയസായിരുന്നു ദാക്ഷായണിക്ക്. സോമന് ഇപ്പോൾ 78 വയസുണ്ട്. ലോകത്തിൽ ഇത്രയും പ്രായമുള്ള ആന ജീവിച്ചിരിപ്പില്ല എന്നാണ് വനംവകുപ്പ് പറയുന്നത്. പണച്ചെലവു കാരണം ദാക്ഷായണിക്കായി ഗിന്നസ് അവകാശം ഉന്നയിക്കാൻ ദേവസ്വം ബോർഡ് തയ്യാറായിരുന്നില്ല. ദാക്ഷായണി ചരിഞ്ഞതിനെത്തുടർന്നാണ് സോമനെ ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്തുന്നതിനായി 'ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജൻസി' തീരുമാനിച്ചത്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചാൽ ഇതിന്റെ നടപടികളാരംഭിക്കും. ഇതിനായി ആയിരം ഡോളറോളം വേണ്ടിവരുമെന്ന് വനം വകുപ്പ് പറയുന്നു. നിലവിൽ ഏഷ്യൻ, ആഫ്രിക്കൻ ആനകളിൽ ഏറ്റവും പ്രായമുള്ളത് സോമനാണ്. വലതു കണ്ണിനു നേരിയ കാഴ്ചക്കുറവുണ്ട്. പക്ഷേ, ഇപ്പോഴും പൂർണ ആരോഗ്യവാനാണ് സോമനെന്ന് പാപ്പാന്മാർ സാക്ഷ്യപ്പെടുത്തുന്നു. ഗിന്നസ് റെക്കാഡ് ലഭിക്കമ്പോൾ, സോമൻ എന്ന പേരിനു ഗമ പോരെന്ന് തോന്നിയതിനാൽ പേര് മാറ്റാനും ആലോചനയുണ്ട്. ഗസറ്റ് വിജ്ഞാപനത്തിലൂടെ സോമനെ 'സോമനാഥൻ' ആക്കാനാണ് തീരുമാനം. 3028 രൂപയാണ് ഒരു ദിവസം സോമന് പരിപാലന ചെലവായി വേണ്ടത്. ചെലവ് ഭീമമായതിനാൽ സ്‌പോൺസർമാരെ കണ്ടെത്താനും കെയർ ഫണ്ട് രൂപീകരിക്കാനും തീരുമാനമുണ്ട്. വിദേശ വിനിമയ ചട്ടം അനുസരിച്ചാണ് കെയർഫണ്ട് രൂപീകരിക്കുന്നത്. അങ്ങനെയാകുമ്പോൾ വിദേശത്തു നിന്നുള്ള ധനസഹായവും സ്വീകരിക്കാമെന്നതാണ് വനം വകുപ്പിന്റെ കണക്കുകൂട്ടൽ. എല്ലാം ശുഭമായാൽ ലോകത്തെ ഏറ്റവും പ്രായമുള്ള ഗജകേസരിയായി കോട്ടൂരിലെ ഈ കൊമ്പൻ സ്ഥാനം ഉറപ്പിക്കും. റെക്കാഡ് നേടിയാൽ സോമനൊപ്പം കോട്ടൂർ കാപ്പുകാട് ആന പുനഃരധിവാസ കേന്ദ്രത്തിന്റെ പേരും പ്രശസ്തിയും ലോകം അറിയും.