uroo

കാഞ്ഞങ്ങാട്: പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് കോഴിക്കോട്ടെ ബേപ്പൂർ തുറമുഖം. വയ്പ്പുര, വടപറപ്പനാട് എന്നിങ്ങനെയായിരുന്നു പഴയ പേരുകൾ. മലബാർ ആക്രമിച്ച് കീഴടക്കിയ ടിപ്പുസുൽത്താൻ ബേപ്പൂരിന്റെ പേര് 'സുൽത്താൻ പട്ടണം' എന്നു മാറ്റി. ഒരു ചെറിയ തുറമുഖവും സുന്ദരമായ ഒരു കടൽത്തീരവും ഇവിടെയുണ്ട്.
മദ്ധ്യപൂർവ്വ ദേശങ്ങളുമായി ബേപ്പൂരിൽ നിന്നും ചരക്കു ഗതാഗതം ഉണ്ടായിരുന്നു. ഉരുക്കൾ (തടി കൊണ്ടുളള കപ്പലുകൾ) ഉണ്ടാക്കുന്നതിനും പ്രശസ്തമായിരുന്നു ബേപ്പൂർ. അറബി വ്യാപാരത്തിനും മത്സ്യബന്ധനത്തിനുമായി ഈ കപ്പലുകൾ വാങ്ങിയിരുന്നു. ഇന്ന് ചില ഉരുക്കൾ വിനോദസഞ്ചാര നൗകകളായി ഉപയോഗിക്കുന്നു.

ബേപ്പൂർ തുറമുഖം ഒരു നല്ല വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ഇവിടെ രണ്ടു കിലോ മീറ്ററോളം കടലിനുള്ളിലേക്ക് തള്ളി നിൽക്കുന്ന പാത(പുലിമുട്ട്) ഉണ്ട്. ആദ്യമായി തീവണ്ടി ഓടിയത് ബേപ്പൂർ മുതൽ തിരൂർ വരെയാണ്. വ്യാവസായികാടിസ്ഥാനത്തിലും വികസിച്ചിരുന്ന ഇവിടെ ഒരു ബോട്ട് ബിൽഡിംഗ് യാർഡും ബോട്ട് ജട്ടിയും കയറ്റുമതി സംവിധാനങ്ങളും ഇണ്ടായിരുന്നു.

അറബ് രാഷ്ട്രങ്ങളിൽ നിന്നും ദ്വീപുകളിൽ നിന്നും ചരക്ക് കപ്പലുകൾ വരികയും പോവുകയും ചെയ്യുന്നു. ചാലിയാർപുഴ കടലുമായി ചേരുന്നിടത്താണ് രണ്ടു കരയിലേയും പുളിമുട്ട്. ബേപ്പൂരിൽ നിന്നും ചാലിയാറിലൂടെ ബോട്ടിലും ജങ്കാറിലും ഗതാതത സംവിധാനങ്ങളുമുണ്ട്. ഇതുവഴി തദ്ദേശീരും വിദേശീയരുമായ ജനങ്ങൾ ടൂറിസ്റ്റുകളായി എത്താറുണ്ട്. ഉരു നിർമ്മാണത്തിനായി വരുന്ന അറബികൾക്ക് ആവശ്യാനുസരണം ഉരു നിർമ്മിച്ച് നൽകുന്നതിൽ പ്രഗത്ഭരായ തൊഴിലാളികളുടെയും മേസ്ത്രികളുടെയും ഒരു കൂട്ടായ്മതന്നെ ഇവിടെയുണ്ട്.

മത്സ്യബന്ധനം കുലത്തൊഴിലായിട്ടുള്ള(അരയൻമാർ) വരാണ് തീരദേശങ്ങളിൽ താമസിക്കുന്നതിൽ ഭൂരിഭാഗവും. 100 വർഷങ്ങൾക്ക് മുൻപ് ഇന്നത്തെ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായമൊന്നുമില്ലാതെ ബേപ്പൂർ ഉരുക്കൾ ചരിത്രത്തിലേക്ക് നീന്തിക്കയറി. പൂർണ്ണമായും മനക്കണക്കുകളെ മാത്രം ആശ്രയിച്ച് ബേപ്പൂരിൽ ഉരുക്കൾ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ ഇന്നത്തെ കപ്പൽ ശാലകളിൽ ന്യൂജൻ തൊഴിലാളികൾക്ക് പ്രയാസമായിരിക്കും.
കപ്പലുകളേയും വലിയ ബോട്ടുകളേയും അപേക്ഷിച്ച് വെള്ളം കുറവുള്ള മേഖലകളിലൂടെ സഞ്ചരിക്കാമെന്ന മേന്മയാണ് ഉരുവിനുള്ളത്. ഇതു തന്നെയാണ് ബേപ്പൂരിലെ ഉരു നിർമ്മാണ കേന്ദ്രത്തിനുള്ള സ്വകാര്യ അഹങ്കാരവും. ഒരു കാലഘട്ടത്തിൽ ലോകത്തിന് മുന്നിൽ രാജ്യത്തിന് ഏറെ പ്രശസ്തി നൽകിയിരുന്നതാണ് ബേപ്പൂരും ഉരു നിർമ്മാണ കേന്ദ്രവും. ഇന്നും ബേപ്പൂരിലെ ഉരു നിർമ്മാണ ശാല തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൽ നിന്നും ആൾക്കാർ എത്തുന്നു. ഖത്തർ രാജകുടുംബത്തിന് അടുത്തിടെ ആഡംബര ഉരു നിർമ്മിച്ച് നൽകിയത് ബേപ്പൂരിലെ ഉരു നിർമ്മാണ ശാലയിലെ വിദഗ്ദരാണ്.
എങ്കിലും ബേപ്പൂർ ഉരു നിർമ്മാണം ഇന്ന് തകർച്ചയുടെ വക്കിലാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് ഗൾഫ് അടക്കമുള്ള മേഖലകളിലേക്ക് വ്യാപാരസഞ്ചാര ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഉരു ഇന്ന് ടൂറിസം സ്വകാര്യ ആവശ്യങ്ങൾക്കും മാത്രമാണ് ഉപയോഗിക്കുന്നത്. ഒരേ സമയം 20 ഓളം ഉരുക്കൾ നിർമ്മിച്ചിരുന്ന ബേപ്പൂരിൽ ഇപ്പോൾ അത് 46 എണ്ണത്തിലേക്ക് ചുരുങ്ങി. ഉരു നിർമ്മാണം ബേപ്പൂരിലെ ചില പ്രദേശങ്ങളിലും അഴിക്കലും മാത്രമായി ഒതുങ്ങി കഴിഞ്ഞു. ഈ മേഖലയിലേക്ക് കടന്നുവരുന്നവരുടെ എണ്ണവും കുറഞ്ഞു.
നാരായണൻ, അഴിക്കലിലെ രാമദാസ്, രാജു കണ്ടമ്പറമ്പിൽ, ശ്രീധരൻ പുഴക്കര, എടത്തുണ്ടി സത്യൻ എന്നിവരാണ് ഉരു നിർമ്മാണ മേഖലയിലെ ഇപ്പോഴത്തെ പ്രമുഖ മേസ്തിരിമാർ. ഇവർക്ക് പോലും ഇപ്പോൾ പുതിയ ഓർഡറുകൾ ലഭിക്കുന്നത് കുറവാണ്. അതിനാൽ ഫർണിച്ചർ നിർമ്മാണം അടക്കമുള്ള മറ്റ് തൊഴിലിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഇവർ.
തൊഴിൽ മേഖലയിലെ അസ്ഥിരത വ്യവസായത്തെ വളരെ ദോഷകരമായി ബാധിക്കുന്നത് കൊണ്ട് ഇന്ന് അന്യ സംസ്ഥാന തൊഴിലാളികൾ മാത്രമാണ് ഈ മേഖലയിലേക്ക് കടന്ന് വരുന്നത്. ചെറിയ കപ്പൽ, വലിയ ബോട്ട് നിർമ്മാണത്തിനായി ഒരു വർഷം ചിലവഴിക്കേണ്ട സമയത്ത് അതേ വലിപ്പമുള്ള ഉരു നിർമ്മിക്കാൻ 3 വർഷത്തോളം സമയവും 3 മടങ്ങ് മുടക്കുമുതലും ആവശ്യമാണ്.
പുറം ഭാഗത്ത് തേക്ക് അകത്ത് വാക, മെഴുക്, പ്ലാവ് എന്നിവയാണ് ഉപയോഗിക്കുന്നത്. ഇവയ്‌ക്കെല്ലാം തേക്കിനെക്കാളും വിലയുണ്ട്. ചുണ്ണാമ്പും മൃഗകൊഴുപ്പും ചൂടാക്കിയാണ് വാട്ടർ ലെവൽ വരെ കീൽ ചെയ്യുന്നത്. വർഷം തോറും കൃത്യമായി സർവീസ് ചെയ്താൽ ഉരുവിന്റെ ആയുസ് വർദ്ധിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിൽ പിടിച്ച് നിൽക്കാൻ ഉരു വ്യവസായത്തിന് സാധിക്കുന്നില്ല. ഇനി എത്രനാൾ എന്നറിയില്ലെങ്കിലും കോഴിക്കോടിന്റെ ചരിത്രതാളുകളിൽ ബേപ്പൂരും ഉരു നിർമ്മാണവും തല ഉയർത്തി നിൽക്കുമെന്ന് ഉറപ്പ്.