ksrtc

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ സേവനങ്ങൾ വിവിധയിടങ്ങളിലേക്ക് മാറ്റിയതോടെ കെ.എസ്.ആർ.ടി.സി. സർക്കുലർ ബസ് സർവീസ് തുടങ്ങി. കാഞ്ഞങ്ങാട് ഡിപ്പോയുടെ ചുമതല വഹിക്കുന്ന പയ്യന്നൂർ ഡി.ടി.ഒ കെ. യൂസഫ് സർക്കുലർ ബസ് സർവീസിന്റെ ഫ്ളാഗ് ഓഫ് കർമ്മം നിർവഹിച്ചു. ഡി.ടി.ഒയിൽ നിന്നു കണ്ടക്ടർ എം.വി. ഷൈജു ടിക്കറ്റ് മെഷീൻ ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് ഡിപ്പോ സൂപ്രണ്ട് കെ.ടി.പി. മുരളീധരൻ, അസിസ്റ്റന്റ് ഡിപ്പോ എൻജിനിയർ വി. രാജൻ, ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ പി. കുഞ്ഞിക്കണ്ണൻ, കൺട്രോളിംഗ് ഇൻസ്‌പെക്ടർ എം. രാധാകൃഷ്ണൻ, എം. ലക്ഷ്മണൻ, എം.വി. പദ്മനാഭൻ, കെ.പി. വിശ്വനാഥൻ, ഡ്രൈവർ എം.ജെ. ജോണി എന്നീവർ സംബന്ധിച്ചു. രാവിലെ 8.45ന് കാഞ്ഞങ്ങാട് നിന്നു പെരിയ സി.എച്ച്.സിയിലേക്കായിരുന്നു ആദ്യ സർവീസ്. 9.30ന് പെരിയയിൽ നിന്നു കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് വഴി നീലേശ്വരം താലൂക്ക് ആശുപത്രിയിലേക്കും 10.30ന് നീലേശ്വരം താലൂക്ക് ആശുപത്രിയിൽ നിന്നും കാഞ്ഞങ്ങാട്ടേക്കുമാണ് തുടർ സർവീസ്. രണ്ടാമത്തെ ബസ് 10.30ന് കാഞ്ഞങ്ങാട് നിന്നു നീലേശ്വരം താലൂക്ക് ആശുപത്രിയിലേക്കാണ്. ഈ ബസ് ഭീമനടി വരെയുണ്ട്.12.15ന് ഭീമനടിയിൽ നിന്നു ഇതേ റൂട്ടിൽ തിരിച്ചു സർവീസ് നടത്തുന്നു. മലയോരത്തുള്ള ജനങ്ങളെ കൂടി കണക്കിലെടുത്താണ് ഒരു ബസ് ഭീമനടി വരെ സർവീസ് നടത്താൻ തീരുമാനിച്ചതെന്ന് കെ. യൂസഫും കാഞ്ഞങ്ങാട് ഡിപ്പോ കൺട്രോളിംഗ് ഇൻസ്‌പെക്ടർ പി. കുഞ്ഞിക്കണ്ണനും വ്യക്തമാക്കി.