gopakumar

കല്ലമ്പലം: വീടിനോട് ചേർന്നുള്ള 5 സെന്റ്‌ ഭൂമിയിലെ കൃഷിയിൽ അപൂർവ നേട്ടം കൈവരിച്ച് ഗോപകുമാർ. നാവായിക്കുളം ഇരുപത്തെട്ടാംമൈൽ അമ്പേലി ഹൗസിൽ ചെല്ലപ്പൻപിള്ളയുടെ മകൻ സി.ഗോപകുമാറാണ് തന്റെ കൃഷി തോട്ടത്തിൽ നിന്നും നൂറുമേനി വിളവ് കൊയ്തത്. വിളവെടുപ്പിനിടയിൽ കഴിഞ്ഞദിവസം റോബസ്റ്റ് വാഴയിൽ നിന്നും 6 അടി നീളമുള്ള കുലയാണ് ലഭിച്ചത്. അമ്പത് കിലോയോളം തൂക്കം വരുന്ന വാഴക്കുല കാണാൻ നിരവധിപേരെത്തി. ഒടുവിൽ റോബസ്റ്റോ പലർക്കായി സൗജന്യമായി വീതിച്ചു നൽകി. അധികം ഭൂമി സ്വന്തമായില്ലെങ്കിലും ഉള്ള ഭൂമിയിൽ ഒട്ടുമിക്ക പച്ചക്കറികളും സുലഭമാണ്. വീട്ടാവശ്യത്തിന് എടുത്തിട്ട് ബാക്കി ബന്ധുക്കൾക്കും അയൽവാസികൾക്കും നൽകുകയാണ് പതിവ്. മുറുക്കാൻകട നടത്തുന്ന ഗോപകുമാറിന് കൃഷിയിൽ വലിയ പരിചയമൊന്നുമില്ലെങ്കിലും പൂർണ്ണമായും ജൈവ വളമുപയോഗിച്ച് ചെയ്യുന്ന കൃഷിയിൽ പയർ, തക്കാളി, വെണ്ട, പാവൽ തുടങ്ങിവയ്ക്കെല്ലാം നൂറുമേനി വിളവാണ്. പുതുതായി വിത്തുകൾ പാകി മുളപ്പിച്ച തൈകൾ നട്ടു പിടിപ്പിക്കാൻ വിട്ടുവിട്ടു പെയ്യുന്ന മഴ ഒരു തടസ്സമാണ്. മഴ മാറിയാൽ പുതിയ കൃഷി രീതികൾ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ഗോപകുമാർ. പ്ലസ് ടു വിന് പഠിക്കുന്ന മകൻ ഹരിശങ്കറും, പത്താം ക്ലാസിൽ പഠിക്കുന്ന മകൾ ആര്യയുമാണ് ഗോപകുമാറിനെ കൃഷിയിൽ സഹായിക്കുന്നത്. ഒപ്പം ഭാര്യ അനിതയും.