railway

പാപ്പിനിശ്ശേരി: വരുമാനക്കുറവ് ആരോപിച്ച് പാലക്കാട് ഡിവിഷന് കീഴിലുള്ള നാല് റെയിൽവേ സ്റ്റേഷനുകൾ തരംതാഴ്ത്തി. പാപ്പിനിശ്ശേരി, ഏഴിമല , ഉപ്പള, തലശ്ശേരി ജഗന്നാഥ ടെമ്പിൾ ഗേറ്റ് എന്നിവയാണിത്. ഇവിടങ്ങളിൽ റെയിൽവേ ജീവനക്കാർ നേരിട്ടാണ് ടിക്കറ്റ് കൗണ്ടറിന്റെ ചുമതല വഹിച്ചിരുന്നത്. എന്നാൽ ഇനി മുതൽ കമ്മിഷൻ വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് (ഹാൾട്ട് ഏജന്റ്) ടിക്കറ്റ് കൗണ്ടറിന്റെ ചുമതല നൽകും. നിലവിൽ ഡി ഗ്രേഡ് കാറ്റഗറിയിലുള്ള ചിറക്കൽ, ചന്തേര, കളനാട് തുടങ്ങിയ സ്റ്റേഷനുകളിൽ ഈ രീതിയാണ്. ഘട്ടം ഘട്ടമായി സ്റ്റേഷന്റെ അവസ്ഥ പരിതാപകരമാകും.
വ്യവസായ ശാലകൾ പ്രതാപത്തിലായിരുന്ന കാലഘട്ടത്തിൽ പാപ്പിനിശ്ശേരി ഒരു സുപ്രധാന സ്റ്റേഷനായിരുന്നു. നിലവിൽ പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് സ്റ്റേഷനിൽ നിറുത്തിയിരുന്നത്. കാസർകോട് പോകുന്ന സർക്കാർ ഉദ്യോഗസ്ഥരും മംഗലാപുരത്തേക്ക് പോകുന്ന രോഗികളും വിദ്യാർത്ഥികളും ആശ്രയിക്കുന്ന സ്റ്റേഷനാണ് പാപ്പിനിശ്ശേരി. ലോക്ക് ഡൗണിന് മുൻപ് വരെ നൂറുകണക്കിന് യാത്രക്കാർ സ്റ്റേഷനെ ആശ്രയിച്ചിരുന്നു.

ഏഴിമലയാണെങ്കിൽ നാവിക അക്കാഡമി വന്നതോടെ വലിയ വികസനം പ്രതീക്ഷിച്ച സ്റ്റേഷനായിരുന്നു. മലബാർ എക്സ്പ്രസ് അടക്കം നിറുത്തുന്ന സ്റ്റേഷൻ കൂടിയാണ്. ഈ സ്റ്റേഷനുകളുടെ വികസനത്തിനായി സമ്മർദ്ദം ചെലുത്തുന്ന പാസഞ്ചേഴ്സ് അസോസിയേഷനും പ്രതിഷേധത്തിലാണ്.
കമ്മിഷൻ വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികളെ നിയമിക്കുന്നതിനുള്ള അപേക്ഷയും റെയിൽവേ ക്ഷണിച്ചു. പാലക്കാട് ഡിവിഷൻ കൊമേഴ്സൽ മാനേജർക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 25 ആണ്. 3 ലക്ഷം രൂപയുടെ ടിക്കറ്റ് ഒരു മാസം വിറ്റാൽ 19,950 രൂപ കമ്മിഷനായി ലഭിക്കും. ടിക്കറ്റ് വിൽപ്പന കുറയുമ്പോൾ കമ്മിഷനും കുറയും. ഇംഗ്ലീഷ് പരിജ്ഞാനവും പത്താം ക്ലാസ് പാസായവർക്കും ഹാൾട്ട് ഏജന്റാകാൻ അപേക്ഷ നൽകാം.