
കുറ്റ്യാടി: ജില്ലയിലെ പ്രധാന നെല്ലറകളിൽ ഒന്നായ വേളം പെരുവയൽ അടി വയൽ പാടശേഖരത്ത് മുണ്ടകൻ കൃഷിയുടെ ഞാറ് നടീൽ ആരവം. ഇരുനൂറ് ഏക്കറോളം വരുന്ന പാടശേഖരത്തിന്റെ ഒരിടം പോലും ഒഴിച്ചിടാതെ കൃഷി ചെയ്യാൻ കൃഷി ഓഫീസർ എസ്. നവീദയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ടാം വിളയുടെ ആരംഭത്തിന് തുടക്കം കുറിച്ച് ഞാർ നടീലിനായി കൃഷി ഓഫീസർ തന്നെ പാടത്ത് ഇറങ്ങി. അടി വയൽ പാടശേഖരത്തെ നൂറു ശതമാനം തരിശ് രഹിത കൃഷിഭൂമിയാക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്നും കഴിഞ്ഞ വർഷം ഒഴിച്ചിട്ട രണ്ടേക്കർ സ്ഥലം ഉഴുതിട്ടതായും കൃഷി ഓഫീസറും പാടശേഖര സമിതി സെക്രട്ടറി പി.കെ. ദാമോദരനും പറഞ്ഞു. ഏക്കറിന് മുപ്പത് കിലോഗ്രാം ഉമ നെൽവിത്ത് കർഷകർക്ക് നൽകി. മുണ്ടകൻ കൃഷിയുടെ ഞാറ് നടീൽ ഉത്സവം കൃഷി ഓഫീസർ എസ്. നവീദ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി സെക്രട്ടറി പി.കെ. ദാമോദരൻ, മുഹമ്മദ് ചെറുവോട്ട് കുന്ന്, സി.കെ.എം. കണാരൻ, കെ.എം. ഹബീബ് തുടങ്ങിയവർ പങ്കെടുത്തു.