
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ പറകുന്ന് - ആനാംപൊയ്ക റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും നവീകരണ പ്രവൃത്തികൾ അകലെ. സമീപറോഡുകളും മോശമായ ഇട റോഡുകളും റീ ടാർ ചെയ്തിട്ടും ഈ റോഡിനെ അധികൃതർ അവഗണിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
അമ്പത് വർഷത്തോളം പഴക്കമുള്ള ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡാണ് ജനങ്ങൾക്ക് ദുരിതം സമ്മാനിക്കുന്നത്. റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാർ നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. കനത്ത മഴയിൽ വെള്ളം കെട്ടിനിന്ന് റോഡിലെ ചെറിയ കുഴികൾ വലുതായതിനാൽ ഇതുവഴിയുള്ള ഗതാഗതം വളരെയധികം ദുഷ്കരമാണ്. കാൽനടയാത്രികരും ഏറെ ക്ളേശം സഹിച്ചുവേണം ഇതുവഴി സഞ്ചരിക്കാൻ.
നൂറ്റി അമ്പതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിനാണ് ഈ ദുർഗതി. നാവായിക്കുളം ചെമ്മരുതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പ്രസ്തുത റോഡ്. റോഡിന്റെ പല ഭാഗങ്ങളിലും കാട്ടുച്ചെടികൾ തിങ്ങിവളർന്ന് നിൽക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. ഭീതിയോടെയല്ലാതെ രാത്രികാലങ്ങളിൽ ഇതുവഴി യാത്രചെയ്യാൻ കഴിയില്ല. തിരഞ്ഞെടുപ്പ് വരുമ്പോൾ എല്ലാ മുന്നണികളും റോഡിന്റെ ശോച്യയാവസ്ഥ പരിഹരിക്കാം എന്ന് വാഗ്ദാനം നൽകുന്നുണ്ടെങ്കിലും ജനങ്ങളെ കബളിപ്പിക്കലാണ് പതിവ്. റോഡ് റീ ടാർ ചെയ്തില്ലെങ്കിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് നാട്ടുകാർ പറയുന്നത്.