covid-death

മലയിൻകീഴ്: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ച ഗൃഹനാഥന്റെ കൊവിഡ് പരിശോധനാ ഫലത്തിൽ വൈരുദ്ധ്യമെന്ന് പരാതി. വിളവൂർക്കൽ പൊറ്റയിൽ ശിവശക്തി കാവടിവിള വീട്ടിൽ സോമശേഖരൻ നായരുടെ (78) പരിശോധനാഫലമാണ് ആദ്യം നെഗറ്റീവും പിന്നീട് പോസിറ്റീവുമായത്.

ഇക്കഴിഞ്ഞ 18നായിരുന്നു സംഭവം. പത്ത് വർഷത്തിലേറെയായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന സോമശേഖരൻനായരെ പുലർച്ചെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് ജനറൽ ആശുപത്രിയിലുമെത്തിച്ചിരുന്നു. ജനറൽ ആശുപത്രി കാഷ്വാലിറ്റിയിലെത്തിച്ചെങ്കിലും ആംബുസൻസിൽ നിന്ന് ഇറക്കാനനുവദിക്കാതെ കൊവിഡ് സെല്ലിലേക്ക് മാറ്റി. തുടർന്നുള്ള പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. 19ന് വൈകിട്ട് നടന്ന കൊവിഡ് പരിശോധന നെഗറ്റീവായതിനാൽ മൃതദേഹം കൈമാറാമെന്ന് പി.ആർ.ഒയും അറിയിച്ചു. ഇതേത്തുടർന്ന് മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കൾ മോർച്ചറിയിലെത്തി. എന്നാൽ ആലപ്പുഴ ഐ.സി.എം.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി ലാബിലെ ആർ.ടി.പി.സി.ആർ പരിശോധനയിൽ സോമശേഖരൻ നായർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും മൃതദേഹം വിട്ടുനൽകാനാവില്ലെന്നും പി.ആർ.ഒ അറിയിക്കുകയായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതിനാൽ പഞ്ചായത്തധികൃതർ മേൽനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഇതോടെ സംസ്‌കാരത്തിനുള്ള സൗകര്യമൊരുക്കി കാത്തിരുന്ന ബന്ധുക്കൾക്ക് സോമശേഖരൻ നായരെ ഒരു നോക്ക് കാണാൻ പോലുമായില്ല. അതിനിടെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് മോർച്ചറിയിലെ ജീവനക്കാർ 1500 രൂപ വാങ്ങിയെന്നും പരാതിയുണ്ട്. 21ന് മാറനല്ലൂർ 'ആത്മനിദ്രാ"ലയത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്.

ഫലം മാറാൻ കാരണം അധികൃതരുടെ അനാസ്ഥയാണെന്നാണ് ബന്ധുക്കളുടെ പരാതി. ഇതേത്തുടർന്ന് ഇവർ ആരോഗ്യ മന്ത്രിക്ക് പരാതി നൽകി. സംഭവത്തെ തുടർന്ന് സോമശേഖരൻനായരുടെ ഭാര്യയും മക്കളുമുൾപ്പെടെ 12 പേർ ക്വാറന്റൈനിലാണ്. സംഭവത്തെ തുടർന്ന് വിളവൂർക്കൽ പഞ്ചായത്ത് അധികൃതരോ ആരോഗ്യ പ്രവർത്തകരോ തിരിഞ്ഞ് നോക്കുന്നില്ലെന്നും പുറത്തേക്കിറങ്ങാനാകാത്തതിനാൽ ആഹാരത്തിന് പോലും മാർഗമില്ലെന്നും ബന്ധുക്കൾക്ക് പരാതിയുണ്ട്. സോമശേഖരൻനായരുടെ ഭാര്യ: ആർ. ശ്യാമളകുമാരി. മക്കൾ: ബിനു, അനിൽകുമാർ, ബിന്ദു. മരുമക്കൾ: രാമചന്ദ്രൻ, ശാലിനി, രാധിക.