
പൊലീസ് ആക്ടിലെ 118-ാം വകുപ്പിൽ പുതുതായി ഉൾക്കൊള്ളിക്കാൻ പോകുന്ന ഉപവകുപ്പ് പ്രത്യക്ഷത്തിൽ സൈബർ ലോകത്തെ 'ആക്രമണകാരികളെ" കൈകാര്യം ചെയ്യാനുദ്ദേശിച്ചുകൊ ണ്ടുള്ളതാണെന്നാണ് സർക്കാർ ഭാഷ്യം. ഉള്ളിലേക്കു കടന്നുനോക്കുമ്പോൾ ഏറെ അപകടം പിടിച്ച ചില വശങ്ങളും അതിൽ കാണാനാവും. സൈബർ ലോകത്ത് ആർക്കെതിരെയും ലക്കും ലഗാനുമില്ലാതെ ആർമാദിക്കുന്നവർ മാത്രമായിരിക്കില്ല നിയമത്തിന്റെ ഇരുമ്പുമുഷ്ടിയിൽ പെടാൻ പോകുന്നത്. ഏതു മാദ്ധ്യമവും നിയമത്തിന് ഇരയാകാം. പത്രമാസികകളും ടെലിവിഷനുമൊക്കെ അവയിലെ വിവാദ ഉള്ളടക്കത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടാം. ഏതെങ്കിലുമൊരാൾ പൊലീസിൽ നൽകുന്ന ഒരു പരാതി മാത്രം മതിയാകും വിവാദ ഉള്ളടക്കത്തിന്റെ പേരിൽ കേസെടുക്കാൻ. അതുമല്ലെങ്കിൽ സ്വമേധയാ കേസെടുക്കാൻ പൊലീസ് മാത്രം വിചാരിച്ചാലും മതി. മന്ത്രിസഭ അംഗീകരിച്ച് ഓർഡിനൻസായി നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ പൊലീസ് നിയമം സമൂഹമാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവരെ നിലയ്ക്കു നിറുത്താൻവേണ്ടിയാണെന്ന് സർക്കാർ കട്ടായം പറയുമ്പോഴും അതിൽ ഒളിഞ്ഞിരിക്കുന്ന ഭീഷണിയിൽ നിന്ന് മാദ്ധ്യമലോകം മുക്തമല്ലെന്നതാണ് യാഥാർത്ഥ്യം. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഏതെങ്കിലും ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് അഞ്ചുവർഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാവുന്ന വ്യവസ്ഥയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഏതെങ്കിലും ഉപാധികൾ എന്ന വിവക്ഷയിൽ സൈബർ ലോകം മാത്രമല്ല പത്രങ്ങളും ടിവി ചാനലുകളും ഉൾപ്പെടെ ഏതു മാദ്ധ്യമവുമാകാം. അവയിലെ ഉള്ളടക്കങ്ങളുടെ പേരിൽ ആർക്കും കേസിനു പോകാമെന്നു വന്നാൽ അവയുടെ നടത്തിപ്പുകാർക്ക് കോടതി കയറാനേ നേരം കാണുകയുള്ളൂ. വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്നതു മാത്രമാണു ലക്ഷ്യമെങ്കിൽ നിയമത്തിൽ അക്കാര്യം വ്യക്തവും സ്പഷ്ടവുമായി വ്യവച്ഛേദിക്കാമായിരുന്നു. 'ഏതെങ്കിലും ഉപാധികളിലൂടെ" എന്ന വിവക്ഷയിലൂടെ എല്ലാത്തരം മാദ്ധ്യമങ്ങൾക്കും നിയമം ബാധകമാകാൻ പോവുകയാണ്. രാഷ്ട്രീയ രംഗത്തു നടക്കുന്ന ആരോപണ പ്രത്യാരോപണങ്ങളും അഴിമതികളും നേതാക്കൾക്കെതിരെ നടക്കാറുള്ള അപവാദ കഥകളുമൊക്കെ പുതിയ നിയമത്തിന്റെ പരിധിയിൽ വരാവുന്നതേയുള്ളൂ. ഒരു വ്യക്തിയുടെ യശസ്സിനെയും അന്തസിനെയും സ്വഭാവത്തെയും കളങ്കപ്പെടുത്തുന്ന ഏതു ഉള്ളടക്കവും ശിക്ഷാർഹമായ കുറ്റമായി കണ്ട് കേസെടുത്ത് ശിക്ഷിക്കാനാകും. അപകീർത്തി കേസുകൾക്ക് പരാതിക്കാർ നിർബന്ധമായും വേണമെന്നുള്ളപ്പോൾ പുതിയ പൊലീസ് നിയമത്തിൽ ആരു നൽകുന്ന പരാതി വച്ചും കേസെടുക്കാനാകും. സമൂഹമാദ്ധ്യമങ്ങളിലൂടെ നടക്കുന്ന അപവാദ പ്രചാരണങ്ങളും അധിക്ഷേപങ്ങളും സ്ത്രീകൾക്കെതിരെ നടക്കുന്ന സംഘടിത സൈബർ അതിക്രമങ്ങളും ശക്തമായി നേരിടാൻ വേണ്ടിയാണ് പുതിയ നിയമം കൊണ്ടുവന്നതെന്ന് നിയമമന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴും ഏതു മാദ്ധ്യമവും എന്ന പൊതു സംജ്ഞയിലൂടെ സംസ്ഥാനത്തെ സകല മാദ്ധ്യമങ്ങളും അതിൽ ഉൾപ്പെടുകയാണു ചെയ്യുന്നത്. മാദ്ധ്യമങ്ങളിലെ വിവാദ ഉള്ളടക്കങ്ങളുടെ വിവര ശേഖരണത്തിന് നേരത്തെ പൊലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കാൻ ശ്രമം നടന്നതാണ് ഇപ്പോൾ ഓർമ്മയിൽ വരുന്നത്. ഈ നീക്കത്തിനെതിരെ മാദ്ധ്യമങ്ങളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വലിയ പ്രതിഷേധവും ഉയർന്നു വന്നിരുന്നു. സൈബർ ശുദ്ധീകരണത്തിന്റെ പേരിൽ പരോക്ഷമായെങ്കിലും മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യം ഹനിച്ചേക്കാവുന്ന ഏതു നടപടിയും വിപരീതഫലമേ സൃഷ്ടിക്കൂ എന്ന് ഏവരും മനസിലാക്കണം.
സമൂഹമാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവരെ നിലയ്ക്കുനിറുത്താൻ ഇപ്പോൾത്തന്നെ ശക്തമായ നിയമമുള്ളതാണ്. പൊതുജനങ്ങളിൽ നിന്നു ഇതുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരാതികളിൽ പലതിലും യഥാസമയം നടപടി ഉണ്ടാകുന്നില്ലെന്നതാണ് പ്രശ്നം. സൈബർ നിയമങ്ങൾക്ക് പല്ലും നഖവും പോരെന്നു ജനങ്ങൾ നിഗമനത്തിലെത്താൻ പ്രധാന കാരണം നിയമ നടത്തിപ്പിലെ അനവധാനതയാണ് സമൂഹമാദ്ധ്യമം വഴി തങ്ങളെ നിരന്തരം അപമാനിച്ചുകൊണ്ടിരുന്ന സൈബർ ഞരമ്പുരോഗിയെ കായികമായി ആക്രമിക്കാൻ വരെ ഭാഗ്യലക്ഷ്മിയും കൂട്ടരും ഇറങ്ങിയത് പൊലീസിന്റെ നിഷ്ക്രിയതയിൽ സഹികെട്ടാണെന്ന വസ്തുത മറന്നുകൂടാ. പൊലീസിലെ സൈബർ വിഭാഗം പതിന്മടങ്ങു ശക്തിപ്പെടുത്തുകയും മിടുക്കന്മാരെ കൂടുതലായി ഉൾപ്പെടുത്തുകയും ചെയ്താൽ പരാതി പരിഹാരം എളുപ്പമാക്കാം. വേണ്ട കാര്യങ്ങളൊന്നും ചെയ്യാതെ നിയമം മാത്രം കൊണ്ടുവന്നാൽ സൈബർ അതിക്രമങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാനാവില്ല. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കിയാലേ ഈ രംഗത്ത് കുറ്റകൃത്യങ്ങൾ കുറയുകയുള്ളൂ.
നിയമ നടത്തിപ്പിന്റെ പേരിൽ ആളുകളെ ഉപദ്രവിക്കാൻ ഒരു മടിയുമില്ലാത്ത പൊലീസിന് അധികമായി ലഭിക്കുന്ന ഏതു അധികാര പത്രവും അവരെ കൂടുതൽ പിഴിയാനുള്ള ഉപാധിയാകുമെന്നതിൽ തർക്കമൊന്നുമില്ല. യജമാന പ്രീതിക്കായി നിയമത്തിനതീതമായി എന്തു ചെയ്യാനും മടികാട്ടാത്തവരും സേനയിൽ ധാരാളമുള്ളപ്പോൾ 118 (എ) വകുപ്പിന്റെ ദുരുപയോഗവും പ്രതീക്ഷിക്കാവുന്നതു തന്നെയാണ്. അതു സംഭവിക്കാതിരിക്കാൻ വേണ്ട കരുതൽ നടപടി കൂടി എടുക്കേണ്ടതുണ്ട്. സമൂഹമാദ്ധ്യമങ്ങളിലെ അഴിഞ്ഞാട്ടക്കാരെ മാത്രം ലക്ഷ്യം വച്ചാണ് നിയമഭേദഗതിയെങ്കിൽ നല്ല കാര്യം തന്നെ. അപ്പോഴും നിയമ നടത്തിപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായിട്ടാണ് നടക്കുന്നതെന്ന് രണ്ടുവട്ടം ഉറപ്പാക്കേണ്ടതുണ്ട്.
സ്ത്രീകൾക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്ന വ്യക്തിഹത്യയും അപവാദ പ്രചാരണങ്ങളും നിയന്ത്രിക്കാൻ ശക്തമായ നടപടി വേണമെന്ന് ഈയിടെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അതുകൂടി പരിഗണിച്ചാണ് പുതിയ നിയമവുമായി സർക്കാർ എത്തുന്നത്. എന്നാൽ സൈബർ ലോകത്തെ നിഷേധികളെ നേരിടാൻ നിലവിലുള്ള നിയമം തന്നെ പര്യാപ്തമാണെന്നിരിക്കെ മാദ്ധ്യമങ്ങളെ ഒന്നടങ്കം ബാധിക്കുന്ന പുതിയ ഭേദഗതിയുടെ പ്രസക്തിയിൽ നിയമ വിദഗ്ദ്ധരും സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്ന കാര്യം സ്മരണീയമാണ്.