sabu

തിരുവനന്തപുരം: ഇത്തവണത്തെ പൊലീസ് മെഡൽ നേടിയവരുടെ കൂട്ടത്തിൽ കാക്കിക്കുള്ളിലെ കലാകാരനുമുണ്ട്. തിരുവനന്തപുരം സിറ്റി സ്‌പെഷ്യൽ ബ്രാഞ്ചിലെ സബ് ഇൻസ്‌പെക്ടർ എസ്. സാബുവിനാണ് ഈ അഭിമാന നേട്ടം. ഷോർട്ട് ഫിലിം അഭിനേതാവും അസോസിയേറ്റ് സംവിധായകനുമായ സാബു മെഡൽ പ്രഖ്യാപിച്ച സമയത്തും കാമറയ്‌ക്ക് മുന്നിലായിരുന്നു.

അഭിനയത്തിനൊപ്പം ജോലിയിൽ ഉഴപ്പില്ലെന്ന് തെളിയിക്കുന്നതാണ് സാബുവിന് ലഭിച്ച ഈ പുരസ്‌കാരം. തിരുമല സ്വദേശിയായ എസ്. സാബു അഞ്ച് ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചു. അസോസിയേറ്റ് ഡയറക്ടറുമായി. സിറ്റി പൊലീസിന്റെ കൊവിഡ് പ്രതിരോധ ബോധവത്കരണ പരിപാടിയുടെ പ്രധാന സംഘാടകനും സാബുവാണ്. സിറ്റി പൊലീസിന്റെ ഷോർട്ട് ഫിലിമുകളിലെ മുഖ്യതാരവുമാണ്.

അഭിനയം, ഡബ്ബിംഗ്, തിരക്കഥ എന്നിവയാണ് സാബുവിന്റെ മേഖല. സ്‌കൂൾ നാടകങ്ങളിൽ അഭിനയിച്ചാണ് തുടക്കം. ജോലിക്ക് ഊന്നൽ നൽകുന്നതുകൊണ്ട് കുറച്ച് വർഷം അഭിനയം നിറുത്തിവച്ചിരുന്നു. തുടർന്ന് മേലധികാരികൾ അനുമതി നൽകി. കോൺസ്റ്റബിളായി തുടങ്ങിയ പൊലീസ് ജീവിതം ഇപ്പോൾ 25 വർഷം പിന്നിട്ടു.

'വാപ്പ" എന്ന ഷോർട്ട് ഫിലിമാണ് സാബു അഭിനയിച്ചതിൽ ശ്രദ്ധേയമായത്. പൊലീസുകാരന്റെ ജീവിതം ചൂണ്ടിക്കാട്ടുന്ന ഒരു പൊലീസുകാരന്റെ കഥ എന്ന ഷോർട്ട് ഫിലിമിന്റെ തിരക്കിലാണിപ്പോൾ സാബു. 2019ലെ സത്യജിത്ത്റായ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം സാബുവിന് ലഭിച്ചു. ഇന്റലിജൻസ് വിഭാഗത്തിലെ മികച്ച സേവത്തിന് 2019ൽ ഡി.‌ജി.പിയുടെ പ്രത്യേക മെഡലിനും അർഹനായി. സിനിമയിൽ അഭിനയിക്കണമെന്നാണ് മോഹം. എന്നാൽ ജോലിത്തിരക്കു കാരണം തത്കാലത്തേക്ക് ശ്രമിക്കുന്നില്ലെന്നും സാബു പറയുന്നു.