
തിരുവനന്തപുരം: മുന്നണിയുടെ ഭാഗമാവാൻ തയ്യാറാവുന്ന രാഷ്ട്രീയപ്പാർട്ടികളെ ഉടനടി ഘടകകക്ഷിയാക്കുന്നത് എൽ.ഡി.എഫിന്റെ ചരിത്രത്തിൽ അപൂർവ സംഭവമാണ്.
ഇടതു മുന്നണിയിലേക്ക് ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിന്റെ പ്രവേശനം 39 വർഷം മുമ്പ് ഇതേ പാർട്ടി അദ്ദേഹത്തിന്റെ പിതാവ് കെ.എം. മാണിയുടെ നേതൃത്വത്തിൽ ഘടക കക്ഷിയായതിന് സമാനമാണ്.
1980ൽ സി.പി.എമ്മും സി.പി.ഐയും ചേർന്നുള്ള ഇടതുമുന്നണി സംവിധാനം ആരംഭിക്കുമ്പോഴായിരുന്നു അത്. പക്ഷേ, 82ൽ കെ.എം. മാണിയും കൂട്ടരും മുന്നണി വിട്ടുപോയി. വീണ്ടുമൊരു കേരള കോൺഗ്രസ് വരുന്നത് 1989ലാണ്. പി.ജെ. ജോസഫ് വിഭാഗം യു.ഡി.എഫ് വിട്ടുവന്ന് സഹകരിച്ചു. 1990ലെ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ സഹകരിപ്പിച്ച ശേഷമാണ് 91ൽ ഘടകകക്ഷിയാക്കിയത്. 90ൽ കോട്ടയം ജില്ലാ കൗൺസിൽ അദ്ധ്യക്ഷപദവി ജോസഫ് വിഭാഗത്തിന് നൽകുകയും ചെയ്തു.
2005ൽ തദ്ദേശതിരഞ്ഞെടുപ്പിലും പി.കെ.വാസുദേവൻ നായരുടെ നിര്യാണത്തിന് ശേഷം നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും, കെ. കരുണാകരന്റെയും കെ. മുരളീധരന്റെയും നേതൃത്വത്തിൽ കോൺഗ്രസ് വിട്ടുവന്നവർ രൂപീകരിച്ച ഡെമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് ഇടതുമുന്നണിയെ പിന്തുണയ്ക്കുകയുണ്ടായി. പക്ഷേ മുന്നണിയുടെ ഭാഗമാക്കുന്നതിൽ എതിർപ്പ് ഉയർന്നു. ഡി.ഐ.സി പിരിച്ചുവിട്ട് കെ. മുരളീധരനടക്കം എൻ.സി.പിയിൽ ലയിച്ച് മുന്നണിയുടെ ഭാഗമാകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് എൻ.സി.പി വീണ്ടും ഘടകകക്ഷിയാകുന്നത്.
24 വർഷം കാത്തിരുന്നിട്ടാണ് ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ) 2018 ഡിസംബറിൽ ഘടകകക്ഷിയാകുന്നത്. ജനാധിപത്യ കേരള കോൺഗ്രസ്, ആർ. ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ്- ബി, 2018 തുടക്കത്തിൽ യു.ഡി.എഫ് വിട്ടുവന്ന ലോക് താന്ത്രിക് ജനതാദൾ (യു.ഡി.എഫ് വിടുമ്പോൾ ജനതാദൾ-യു ആയിരുന്നു) എന്നിവയും അന്ന് ഘടകകക്ഷികളായി. ഇടതുമുന്നണിയിൽ അതോടെ പത്ത് പാർട്ടികളായി. യു.ഡി.എഫ് വിട്ടുവന്ന ഉടൻ മുന്നണി പ്രവേശനം വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ദൾ വിഭാഗം പ്രതീക്ഷിച്ചതായിരുന്നു. എന്നാൽ, ജനതാദൾ-എസ് നേതൃത്വം അവരുമായി ലയനത്തിനൊരുങ്ങുന്നതായി അറിഞ്ഞതോടെ, മുന്നണിപ്രവേശനം നീണ്ടു. ലയനനീക്കങ്ങൾ മന്ദഗതിയിലായതോടെ യു.ഡി.എഫ് ഉപേക്ഷിച്ചെത്തിയ എൽ.ജെ.ഡിയെ ഘടകകക്ഷിയാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായി സഹകരിച്ച് നാല് സീറ്റുകളിൽ മത്സരിച്ചതാണ് ജനാധിപത്യ കേരള കോൺഗ്രസ്. കേരള കോൺഗ്രസ്-ബിയുടെ കെ.ബി. ഗണേശ് കുമാറും ഇടതുപിന്തുണയോടെയാണ് പത്തനാപുരത്ത് മത്സരിച്ച് ജയിച്ചത്. 2014ൽ ആർ.എസ്.പി എൽ.ഡി.എഫ് വിട്ടപ്പോൾ പിളർന്ന് ആർ.എസ്.പി- ലെനിനിസ്റ്റ് രൂപീകരിച്ച കോവൂർ കുഞ്ഞുമോൻ, മുന്നണി പ്രവേശനത്തിനായി മൂന്ന് തവണ കത്ത് നൽകി കാത്തിരിക്കുകയാണ്.