machine

കിളിമാനൂർ: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്നണികൾ നിലമൊരുക്കി തുടങ്ങി, ഒപ്പം അഭ്യൂഹങ്ങളും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും വിവിധ മുന്നണികളും സ്ഥാനാർത്ഥിത്വ മോഹമുള്ളവരും നിലമൊരുക്ക് പ്രവർത്തനങ്ങൾ തുടങ്ങി. രാഷ്ട്രീയത്തിനതീതമായി വ്യക്തി ബന്ധങ്ങൾക്കും പ്രാദേശിക സ്വാധീനത്തിനും പ്രാമുഖ്യമുള്ള ഗ്രാമ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് കൂടുതൽ പേരുടെയും ശ്രദ്ധ. ബ്ലോക്ക്‌, ജില്ല പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥി നിർണയത്തിൽ മുന്നണി തലത്തിലും പാർട്ടി തലത്തിലുമുള്ള തീരുമാനങ്ങൾ നിർണായക മാകുമെന്നതിനാൽ ആ തലത്തിൽ വലിയ ആവേശം ആരും കാട്ടുന്നില്ല. കോൺഗ്രസ് മണ്ഡലം കമ്മിറ്റി തലത്തിലുള്ള പ്രാഥമിക അനൗദ്യോഗിക ചർച്ചകൾ തുട ങ്ങിക്കഴിഞ്ഞു. ഘടകകക്ഷികളുമായുള്ള ധാരണയും മറ്റും യു.ഡി.എഫ് ജില്ലാ തലത്തിലാണ് വരേണ്ടത്. ഇടതു മുന്നണിയിലെ സ്ഥിതിയും മറിച്ചല്ല. ഗ്രാമ പഞ്ചായത്ത്‌ വാർഡ് തലത്തിൽ രാഷ്ട്രീയത്തെക്കാളുപരി വ്യക്തിപരമായി വാർഡിൽ സ്വാധീനം ചെലുത്താനാവുന്ന ഇടതു പക്ഷ അനുഭാവികളെ സ്ഥാനാർത്ഥികളാക്കുകയെന്ന സമീപനത്തിനും മുൻതൂക്കമുണ്ട്. മുന്നണി ചർച്ചകളായില്ലെങ്കിലും വാർഡ് തലത്തിൽ വോട്ടർമാരുടെ കണക്കെടുപ്പ് അടക്കമുള്ള പ്രവർത്തനങ്ങൾ സി.പി.ഐ തുടങ്ങിയിട്ടുണ്ട്. ഇക്കുറി കൂടുതൽ നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിറുത്തി ബി.ജെ.പി രണ്ടും മൂന്നും വാർഡുകൾ ചേർത്തുള്ള ശില്പശാലകൾ തുടങ്ങിക്കഴിഞ്ഞു. പരമാവധി വിജയ സാദ്ധ്യത എന്ന ആണിക്കല്ലിൽ ഉറച്ചു നിന്നുള്ള സ്ഥാനാർത്ഥി നിർണയമാണ് എല്ലാ മുന്നണികളും അടിസ്ഥാന പരമായി ആഗ്രഹിക്കുന്നത്. തൊട്ടു പിന്നാലെ നിയമ സഭ തിരഞ്ഞെടുപ്പ് കൂടി എത്തുന്നതിനാൽ തങ്ങളുടെ പരമാവധി ജനപിന്തുണ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ കാട്ടണമെന്നതാണ് ഇടതു -വലതു മുന്നണികളിലെ ഘടക കക്ഷികളുടെ ഉള്ളിലിരുപ്പ്.

സ്വയം പ്രഖ്യാപനങ്ങളും ഏറെ

സ്വയം പ്രഖ്യാപനങ്ങൾ ഗ്രാമ പഞ്ചായത്തുകളിലെ മിക്ക വാർഡുകളിലും പലവിധ സാധ്യതകൾ ചൂണ്ടിക്കാട്ടി സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ രംഗത്ത് എത്തിയിട്ടുണ്ട്. യു.ഡി.എഫിലാണ് ഇത്തരക്കാരുടെ തള്ളിക്കയറ്റം കൂടുതൽ. കുടുംബ ബന്ധങ്ങളും സമുദായ പിൻബലവും ചൂണ്ടിക്കാട്ടിയാണ് ഇക്കൂട്ടർ തങ്ങളുടെ സ്വാധീനത്തിനു അടിവരയിടുന്നത്. നിലവിൽ പഞ്ചായത്ത്‌ അംഗങ്ങളായിട്ടുള്ളവർ പഴയതിലും കൂടുതൽ ഊർജത്തോടെ വാർഡുകളിൽ നിറഞ്ഞു നിൽക്കുകയാണ്. തങ്ങളുടെ വാർഡുകൾ നറുക്കെടുപ്പിൽ കൈവിട്ടു പോയ മെമ്പർമാരാണ് ഏറ്റവുമധികം അങ്കലാപ്പിലായത്.