anil-kumar

പുഴുവരിച്ചെന്ന് പറഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞത് ഇൗച്ച മുട്ടയിട്ടതാവുമെന്ന്

തിരുവനന്തപുരം: ചികിത്സയിലിരിക്കെ പുഴുവരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്കെതിരെ അനിൽകുമാറും കുടുംബവും നിയമനടപടിക്കാെരുങ്ങുന്നു. നഷ്ടപരിഹാരവും ചികിത്സാച്ചെലവും, വീഴ്ച വരുത്തിയവർക്കെതിരേ നടപടിയും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. കൊവിഡ് വാർഡിൽ പ്രവേശിച്ചതുമുതൽ ഒരാളും തന്നെ തിരിഞ്ഞുനോക്കിയില്ലെന്ന് അനിൽകുമാർ കേരളകൗമുദിയോട് പറഞ്ഞു. പുഴു നുരയ്ക്കുന്ന കാര്യം പറഞ്ഞപ്പോൾ 'ഇൗച്ച മുട്ടയിട്ടതാവും' എന്നായിരുന്നു മക്കളോട് ഡോക്ടർ മറുപടി പറഞ്ഞത്. ശരീരം അനക്കാനും സംസാരിക്കാനും കഴിയാതിരുന്ന തന്നെ ഇരുപതോളം ദിവസം കട്ടിലിനോട് ചേർത്ത് കെട്ടിയിരുന്നു. കെട്ടിയിട്ട കൈയുടെ മുട്ടിന്റെ ഭാഗത്തു നിന്നാണ് പലപ്പോഴും രക്തം കുത്തിയെടുത്തത്. മനുഷ്യനോടെന്നപോലെയല്ല അവർ പെരുമാറിയത്. ഡയപ്പർ ഉൾപ്പെടെ 10 ദിവസത്തേക്കുള്ള സാധനങ്ങൾ മക്കൾ വാങ്ങി നൽകിയിരുന്നു. അതൊന്നും ശരിയായി ഉപയോഗിച്ചില്ല. ഇൗ ദുർഗതി ഇനി ആർക്കുമുണ്ടാകരുത്. - അനിൽകുമാർ പറഞ്ഞു.

വീട്ടിലെ പടി കയറുമ്പോൾ വീണ് പരിക്കേറ്റാണ് പേരൂർക്കട ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. അവിടെയെത്തി 16 ദിവസം ആയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിൽ നിന്ന് കൊവിഡ് ബാധിച്ചശേഷമാണ് ശ്വാസകോശ പ്രശ്‌നങ്ങൾ രൂക്ഷമായതെന്നും അനിൽകുമാർ പറഞ്ഞു.

ജീവിതത്തിലേക്ക്

പേരൂർക്കട ജില്ലാ ആശുപത്രിയാണ് അനിൽകുമാറിന്റെ ജീവൻ തിരികെ നൽകിയത്. നല്ല ചികിത്സ കിട്ടിയതോടെ ആഹാരം കഴിച്ചുതുടങ്ങി. ശബ്ദം താഴ്ത്തിയാണെങ്കിലും സംസാരിക്കാനും കഴിയുന്നുണ്ട്. കെട്ടിയിട്ടിരുന്ന കൈകൾ പൂർവസ്ഥിതിയിലാകുന്നു. വൈകാതെ എണീറ്റ് നടക്കാനാവുമെന്നാണ് പ്രതീക്ഷ.

ചെറുമകൾക്കും ദുരനുഭവം

കഴിഞ്ഞ ഡിസംബർ 10ന് കാറപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീപവന എന്ന അനിൽകുമാറിന്റെ ചെറുമകളുടെ കാര്യത്തിലും ചികിത്സാപ്പിഴവുണ്ടായി. ശബരിമലയ്ക്ക് പോയി മടങ്ങിവരുമ്പോഴായിരന്നു അപകടം. കാറിന്റെ ചില്ല് കീഴ്ത്താടിയിൽ തുളച്ചുകയറിയിരുന്നു. ചില്ലുകൾ നീക്കം ചെയ്യാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിൽ ഒരു ചില്ല് മുറിവ് കഴുകുന്നതിനിടയിൽ ലഭിച്ചിരുന്നു. ഇക്കാര്യം ആശുപത്രിയിലറിയിച്ചെങ്കിലും അവർ കൈമലർത്തി. മൂന്ന് എം.എമ്മിന്റെ ചില്ലും മറ്റ് തരികളും ഇപ്പോഴും താടിഭാഗത്ത് ഇരിക്കുന്നതായി സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതിന്റെ ശസ്ത്രക്രിയയ്ക്ക് വലിയ ചെലവുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് അച്ഛന്റെ ഇൗ അവസ്ഥയ്ക്ക് കാരണം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. കോടതിയെ സമീപിക്കും

-അർച്ചന,

അനിൽകുമാറിന്റ മകൾ