ഇന്ന് വയലാറിന്റെ ചരമദിനം
....................
മലയാളി മനസിൽ മായാത്ത മുദ്രയാണ് വയലാർ. സിനിമക്കെന്നപോലെ നാടകത്തിലും നിരവധി ഗാനങ്ങളാണ് വയലാർ രാമവർമ്മയുടെ തൂലികയിൽ നിന്നും പിറന്നത്. ഭക്തിയും യുക്തിയും കാരുണ്യവുമൊക്കെ നിഴലിച്ചു നിന്നിരുന്നു വയലാർ സൃഷ്ടികളിൽ.
ചേർത്തല കളവംകോടത്തെ രാഘവപ്പറമ്പിൽ വെള്ളാരപ്പള്ളി കേരള വർമ്മയും അംബിക തമ്പുരാട്ടിയുമായിരുന്നു മാതാപിതാക്കൾ. കളവംകോട് ക്ഷേത്രം അന്നേ ഏറെ പ്രസിദ്ധമായിരുന്നു. ഇൗ ക്ഷേത്രമുറ്റത്തു കൂടിയായിരുന്നു രാമവർമ്മ സ്കൂളിലേക്കു പോയിരുന്നത്. രാമവർമ്മ തിരുമുൽപ്പാട് എന്നായിരുന്നു വയലാറിന്റെ പേര്. രാമവർമ്മയ്ക്ക് മൂന്നര വയസുള്ളപ്പോൾ പിതാവ് മരണമടഞ്ഞു. ബാല്യത്തിൽ ഗുരുകുലസമ്പ്രദായത്തിൽ സംസ്കൃതം പഠിച്ചു. തുടർപഠനം ചേർത്തല ഹൈസ്കൂളിലായി.
കളവംകോടം ക്ഷേത്രം എല്ലാവിഭാഗത്തിൽപ്പെട്ടവർക്കും വേണ്ടി കവാടം തുറന്നിരുന്നു. ശ്രീനാരായണഗുരുദേവനായിരുന്നു ഇവിടെ പ്രതിഷ്ഠ നടത്തിയത്.
'നരനും നരനും തമ്മിൽ
സാഹോദര്യമുദിക്കണം
അതിന് വിഘ്‌നമായുള്ള
തെല്ലാമില്ലാതെയാകണം"- 1927 ജൂൺ 14-നായിരുന്നു ക്ഷേത്ര പ്രതിഷ്ഠ. ക്ഷേത്ര ഭിത്തിയിൽ അന്ന് രേഖപ്പെടുത്തിയ ഗുരുവിന്റെ വരികൾ നിത്യേന ഇതുവഴി സഞ്ചരിക്കുമ്പോഴാെക്ക വായിക്കുമായിരുന്നുവെന്ന് വയലാർ പിന്നീട് പറഞ്ഞിട്ടുണ്ട്.
വയലാറിന്റെ ജീവിതത്തിൽ പുരോഗമന ചിന്തകൾക്ക് വിത്തുപാകാൻ ഇത് സഹായിച്ചു. വിപ്ളവ പ്രസ്ഥാനങ്ങളുടെ ഇൗറ്റില്ലം കൂടിയായിരുന്നല്ലോ വയലാർഗ്രാമം.
1962 -ൽ സർഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാഡമിയുടെ പുരസ്കാരം ലഭിച്ചു. കവിതാരചനയിലും തുടർന്ന് ഗാനരചനയിലും ശ്രദ്ധിച്ചു. കവിതാരചനയിൽനിന്നും ഗാനരചനയിലേക്ക് ഗതിമാറ്റം വരുത്തിയപ്പോൾ വിവിധങ്ങളായ ചിന്താഗതികൾ പൊന്തിവന്നു.
വയലാർ രചിച്ച നാടക - സിനിമാഗാനങ്ങൾ ഇന്നും പ്രിയപ്പെട്ടവയാണ്.
തൂലികയുടെ നിർഭയത്വം വയലാറിന്റെ ഗാനങ്ങളിൽ നിഴലിച്ചു. ചോദ്യം ചെയ്യേണ്ടതിനെയൊക്കെ ചോദ്യം ചെയ്തും വിമർശിക്കേണ്ടതിനെ വിമർശിച്ചും, വാഴ്ത്തേണ്ടതിനെ വാഴ്ത്തിയും തന്റെ മനസിന്റെ ഉറച്ച നിലപാടുകൾ അവതരിപ്പിച്ചു കൊണ്ടുതന്നെ വയലാർ നിലപാടുകൾ തുടർന്നിരുന്നു. മാനുഷിക മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന വയലാർ ഗാനങ്ങൾ നാടകത്തിലും സിനിമയിലും സ്ഥാനം പിടിച്ചു. 1948-ൽ പാദമുദ്രകൾ എന്ന കവിതാസമാഹാരം വെളിച്ചം കണ്ടു.
1950-ൽ കൊന്തയും പൂണൂലും, പിന്നാലെ ആയിഷ (1954), എനിക്ക് മരണമില്ല, മുളങ്കാട്, ഒരു ജൂദാസ് ജനിക്കുന്നു (1955), എന്റെ മാറ്റൊലിക്കവിതകൾ (1957), സർഗസംഗീതം (1961) തുടങ്ങിയ കവിതാസമാഹാരങ്ങളും വെളിച്ചം കണ്ടപ്പോൾ വയലാർ രാമവർമ്മയുടെ ജനപ്രീതി ഏറെയായി. മനുഷ്യസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തിരുന്ന ഒന്നിനോടും സന്ധി ചെയ്യാൻ തയ്യാറാകാതിരുന്ന വയലാർ തന്നെ ഇൗ നിലപാടുകളെ ന്യായീകരിക്കാൻ ഒട്ടുംതന്നെ മടി കാണിച്ചില്ല.
'സ്നേഹിക്കയില്ല ഞാൻ
നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും".
മികച്ച നിലവാരത്തിൽ എഴുതിയ ഗാനങ്ങളിലൂടെ രാഷ്ട്രപതിയിൽനിന്നും സ്വർണമുദ്ര വയലാറിന് നേടാനായി. 1974 ലായിരുന്നു ഇത്. സംസ്ഥാന ഫിലിം അവാർഡുകൾ നാലുതവണ വയലാറിനെ തേടിയെത്തി. ഏത് വിഭാഗത്തിൽപ്പെട്ടവരുടെ ചുണ്ടിലും വിരിഞ്ഞിരുന്ന ഗാനങ്ങൾ തലമുറകളിലേക്ക് പകർന്നു.
'കുരുത്തോലപ്പെരുന്നാളിന്
പള്ളിയിൽ പോയ്‌വരും
കുഞ്ഞാറ്റക്കുരുവികളെ"
..............................................
'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസിൻ തൂവൽ കൊഴിയും തീരം
ഇൗ മനോഹരത്തീരത്തുതരുമോ
ഇനിയൊരു ജന്മംകൂടി."
.....................................
'മാനത്തു ദൈവമില്ല
മണ്ണിലും ദൈവമില്ല
മനസിനുള്ളിലാണ് ദൈവം- വ്യത്യസ്തങ്ങളായ ഭാവങ്ങളിലൂടെ സമസ്ത വിഭാഗങ്ങളിലും വയലാർ ജീവിക്കുന്നു മരണമില്ലാതെ.
വയലാറിനെ അടുത്തറിയാനും അദ്ദേഹത്തെ കുറെ ദിവസം പരിചരിക്കാനും കൈവന്ന അവസരം ഇന്നും മനസിൽ പച്ചപിടിച്ചുനിൽക്കുന്നു. അന്ന് ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പി.ജി. വിദ്യാർത്ഥിയായിരുന്നു. ഗുരുതരാവസ്ഥയിൽ വയലാറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. കണ്ണിമയ്ക്കാതെയാണ് ഞങ്ങൾ വയലാറിനെ കാത്തിരുന്നത്. എന്നോടൊപ്പം ഡോ. വി.എൻ. മണിയുമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ ഒരുനാൾ സ്തംഭിച്ചുപോയ വയലാറിന്റെ ഹൃദയം കൃത്രിമ ശ്വാസം നൽകി ജീവൻ നിലനിറുത്തേണ്ടിവന്നു. അത്യന്തം സങ്കീർണമായ അവസ്ഥയായിരുന്നു അപ്പോൾ. ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോൾ വയലാർ ഒരാവശ്യം ഉന്നയിച്ചു. 'ചക്രവർത്തിനി എന്ന് തുടങ്ങുന്ന സിനിമാഗാനം ആലപിച്ചു കേൾക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പാട്ടുകൾ ആസ്വദിക്കുക മാത്രം ചെയ്യുന്ന എനിക്ക് ഇൗ ആവശ്യം സാദ്ധ്യമാവുന്നതായിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ ആവശ്യത്തിന് മുന്നിൽ വഴങ്ങേണ്ടതായി വന്നു. ഞാൻ അറിയാവുന്നവിധം 'ചക്രവർത്തിനി " പാടി കേൾപ്പിച്ചു. ഇൗ ഗാനം കേട്ടപ്പോഴത്തെ അദ്ദേഹത്തിന്റെ മുഖഭാവം ഏറെ പ്രസന്നമായി. കൃത്രിമ ശ്വാസം വഴി ഒരുനാൾകൂടി വയലാറിന്റെ ജീവൻ നിലനിറുത്താനായി. പിന്നെ പ്രാണൻ കൂടുവിട്ട് അനശ്വരതയിലേക്ക് പറന്നകന്നു.
(ശ്രദ്ധേയനായ ഹൃദയ ശസ്ത്രക്രിയാവിദഗ്ദ്ധനായ ലേഖകൻ കണ്ണൂർ, കർണാടക യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലറായും സേവനമനുഷ്ഠിച്ചു.)