
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഒാഡിറ്റ് നിറുത്തിവച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പതിനഞ്ചാം ധനകാര്യ കമ്മിഷൻ പ്രകാരമുള്ള ഗ്രാന്റ് ലഭ്യമാക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാത്തതും കേന്ദ്രം വികസിപ്പിച്ച 'ഓഡിറ്റ് ഓൺലൈൻ' പ്ലാറ്റ്ഫോമിൽ തന്നെ പഞ്ചായത്തുകളുടെ ഓഡിറ്റിംഗ് നടത്തണമെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം നിർദ്ദേശിച്ചതുമാണ് ഒാഡിറ്റ് നിറുത്തിവയ്ക്കുന്നതിന് ന്യായീകരണമായി ധനമന്ത്രി പറയുന്നത്. എന്നാൽ ഇതുരണ്ടും ശരിയല്ല. തെറ്റായ ന്യായങ്ങൾ പറഞ്ഞ് ഒാഡിറ്റ് നിറുത്തിവയ്ക്കുന്നത് തദ്ദേശതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അഴിമതി മറച്ചുവയ്ക്കുന്നതിനായാണ്. സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ഒാഡിറ്റ് നിറുത്തിവയ്ക്കാൻ ഉത്തരവിട്ട ഒാഡിറ്റ് വകുപ്പ് ഡയറക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.