covd

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാനെന്ന പേരിൽ ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള സ്ഥാപനങ്ങളിലിറക്കിയ സർക്കുലറിനെതിരെ പ്രതിഷേധം. ഒാഫീസിന് പുറത്തുവച്ച് കൊവിഡ് ബാധിതനുമായി സമ്പർക്കത്തിൽ വന്ന് ക്വാറന്റൈനിലായാൽ ലീവെടുക്കണമെന്ന നിബന്ധനയാണ് പ്രതിഷേധത്തിനിടയാക്കിയത്. എന്നാൽ ഒാഫീസ് ആവശ്യവുമായി ബന്ധപ്പെട്ടാണെങ്കിൽ വർക്ക് ഫ്രം ഹോം അനുവദിക്കും.ഇൗ അവ്യക്തത മൂലം പലരും കൊവിഡ് സമ്പർക്കം മറച്ചുവച്ച് ജോലിക്കെത്തുന്നു. സർക്കുലർ മാനിച്ച് ലീവെടുത്താൽ അത് പ്രൊമോഷനെ ബാധിക്കും.

ഇതു സംബന്ധിച്ച സർക്കുലർ ആദ്യം പുറത്തിറക്കിയത് വലിയമലയിലുള്ള എൽ.പി.എസ്.സിയിൽ ആണ്. സമാനമായ സർക്കുലർ ആണ് വി.എസ്.എസ്.സിയിലും ഇറക്കിയിരിക്കുന്നത്. പ്രൈമറി കോണ്ടാക്ടിന്റെ കാര്യത്തിൽ ഉള്ള വിവേചനമുൾപ്പെടെ സർക്കുലറിലെ പല കാര്യങ്ങളിലും ജീവനക്കാർക്ക് എതിർപ്പുണ്ട്.

അതേസമയം, ഇതുസംബന്ധിച്ച് ജീവനക്കാരോ സംഘടനാപ്രതിനിധികളോ ഇതുവരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും ആക്ഷേപങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും ഐ.എസ്.ആർ.ഒ അധികൃതർ അറിയിച്ചു.