
കാട്ടാക്കട: പട്ടകുളം കല്ലാമത്ത് കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ എ.എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. കാട്ടാക്കട സ്റ്റേഷനിലെ എ.എസ്.ഐ പി. നവാസ്, ക്യാമ്പ് പൊലീസുകാരായ ടി.ആർ. ബിജു, എം. ശ്രീനാഥ് എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ പൊലീസ് വാഹനം തകർന്നു.
ബുധനാഴ്ച രാത്രി എഴോടെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം കല്ലാമത്ത് വച്ച് പൊലീസിനെ ആക്രമിച്ചത്. കാട്ടാക്കട എസ്.ഐ നിജാമിന്റെ നിർദ്ദേശപ്രകാരം പ്രദേശത്ത് നിരീക്ഷണത്തിലെത്തിയ പൊലീസ് സംഘം വഴിയിൽ കൂട്ടം കൂടി നിന്നവരോട് കാര്യം തിരക്കിയിരുന്നു. ഇതേത്തുടർന്ന് ഇവർ മറ്റു സംഘങ്ങളെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നാണ് അക്രമികൾ പൊലീസിനെ വളഞ്ഞിട്ട് അക്രമിച്ചത്.
ഇതോടെ എണ്ണത്തിൽ കുറവുള്ള പൊലീസ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ എത്തിയ സംഘം വാഹനം തടഞ്ഞു. തുടർന്ന് വാഹനത്തിന്റെ മുകളിൽ കയറി നിന്ന അക്രമികൾ അസഭ്യം പറഞ്ഞും ഭീഷണിമുഴക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അതിനിടെ വാഹനത്തിന്റെ മുൻവശത്തേയും വലതു വശത്തെയും പിന്നിലെയും ചില്ല് അടിച്ചു തകർത്തു. സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പൊലീസുകൾ സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമി സംഘം രക്ഷപ്പെട്ടു.
അക്രമ സംഘത്തിലുണ്ടായിരുന്ന സഹോദരങ്ങളായ ഇലക്കോട് കുന്നിൽ വീട്ടിൽ ബി. ഹരികൃഷ്ണൻ, ബി. വിഷ്ണു എന്നിവരെ കസ്റ്റഡിയിലെടുത്തു.13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കി. പൊലീസുകാരുമായി അടുത്തിടെയും വാക്കുതർക്കമുണ്ടായ സംഘമാണ് ഇതെന്നും പൊലീസ് പറഞ്ഞു. ഹരികൃഷ്ണൻ നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ചയാളാണ്. കല്ലാമം ജംഗ്ഷനിലെ കുടിവെള്ള സംഭരണിക്ക് മുകളിൽ തമ്പടിക്കുന്ന കഞ്ചാവ് സംഘത്തിനെ അന്വേഷിച്ച് വിദൂര സ്ഥലങ്ങളിൽ നിന്നുപോലും കൗമാരക്കാർ എത്തുന്നത് പതിവാണ്. കഞ്ചാവ് മാഫിയയെ പിടികൂടി പ്രദേശത്ത് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.