നഗരഹൃദയത്തിൽ നാലിടത്ത് 'വഴിയിടങ്ങൾ"
വിശ്രമമുറി, കഫ്‌റ്റേരിയ, സ്വാപ് ആൻഡ് ഷോപ്പ് സൗകര്യങ്ങൾ
നടപ്പിലാക്കുന്നത് നഗരസഭയും ശുചിത്വ മിഷനും സംയുക്തമായി
പൂവണിഞ്ഞത് 40 വർഷത്തെ കാത്തിരിപ്പ്
നെടുമങ്ങാട്: ശൗചാലയങ്ങളുടെ അഭാവത്തെ ചൊല്ലി ഏറെ പഴികേട്ട നെടുമങ്ങാട് നഗരസഭയ്ക്ക് അവസാന ലാപ്പിൽ പൊതുയിടങ്ങളിൽ ആധുനിക ശുചിമുറികളൊരുക്കി ആശ്വാസ വിജയം. നഗരവാസികളും വ്യാപാരികളും വഴിയാത്രികരും ഏറെക്കാലമായി ഉന്നയിച്ച് വന്നിരുന്ന പൊതുടോയ്‌ലെറ്റുകൾ എന്ന ആവശ്യം യാഥാർത്ഥ്യമാക്കിയാണ് നഗരസഭ ഭരണത്തിന്റെ കൊട്ടിക്കലാശം. പട്ടണ മദ്ധ്യത്ത് അഞ്ചിത്തായാണ് ടോയ്‌ലെറ്റുകൾ ഉയരുന്നത്. ഭാവനാപരമായി ആവിഷ്കരിച്ച 'ടേക്ക് എ ബ്രേക്ക്" പദ്ധതിയിൽ ഉൾപ്പെടുത്തി വഴിയിടം എന്ന പേര് നല്കിയാണ് ശുചിമുറികൾ ഒരുക്കുന്നത്. വിശ്രമമുറി, കഫ്‌റ്റേരിയ, സ്വാപ് ആൻഡ് ഷോപ്പ് സൗകര്യങ്ങളും 'വഴിയിട"ങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്നവർ താലൂക്കാസ്ഥാനത്ത് പ്രാഥമികകൃത്യ നിർവഹണത്തിന് ഇടം കാണാതെ നെട്ടോട്ടമോടുന്ന ദുരിതകാഴ്ചയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1978 ഏപ്രിലിലാണ് നെടുമങ്ങാട് നഗരസഭ നിലവിൽ വരുന്നത്. ഈ കാലയളവിൽ സത്രംമുക്കിലും കച്ചേരിനടയിലും നിർമ്മിച്ച ശുചിമുറികൾ നഗരത്തിൽ എത്തുന്നവർക്ക് ഏറെ ആശ്വാസമായിരുന്നു. പൊലീസ് സ്റ്റേഷൻ മന്ദിര നിർമ്മാണത്തിന്റെ ഭാഗമായി സത്രംമുക്കിലും റവന്യൂടവർ നിമ്മിതിയുമായി ബന്ധപ്പെട്ട് കച്ചേരിനടയിലും ശൗചാലയങ്ങൾ തകർക്കപ്പെട്ടതോടെ ജനങ്ങൾ നെട്ടോട്ടമായി. അടുത്തിടെ കെ.എസ്.ആർ.ടി.സി ടെർമിനലിൽ സൗകര്യം ഒരുക്കിയെങ്കിലും ഫലപ്രദമായ മേൽനോട്ടം ഇല്ലാതെ സന്ദർശകർക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. വികസന മുന്നേറ്റത്തിന് നിരവധി അവാർഡുകൾ വാരിക്കൂട്ടിയ നഗരസഭയ്ക്ക് പൊതു ടോയ്‌ലെറ്റുകളുടെ അഭാവം നേട്ടങ്ങൾക്ക് മീതെ പതിഞ്ഞ കരിനിഴലായിരുന്നു.
ബസ് ടെർമിനലിലെ ശുചിമുറികളും നഗരസഭ നടത്തിക്കും
ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ ടേക്ക് എ ബ്രേക്ക് - ശൗചാലയ നിർമ്മാണത്തിന് സ്ഥലം വിട്ടു കൊടുക്കാനുള്ള കേരള സർക്കാരിന്റെ 12 ഇന പരിപാടിയാണ് നഗരസഭയ്ക്ക് തുണയായത്. യോജിച്ച സ്ഥലം റവന്യൂ, സ്വകാര്യ ഉടമകളിൽ നിന്ന് ഏറ്റെടുക്കാൻ 12 ഇന പദ്ധതിയിൽ ഉറപ്പു ചെയ്യുന്നുണ്ട്. ഇതനുസരിച്ച് കുളവിക്കോണത്ത് കട്ടികളുടെ കൊട്ടാരത്തിനു മുൻവശം, ടൗൺ എൽ.പി.എസ് മതിലിന്റെ മറുവശം ഫുട്പാത്തിൽ, സത്രം മുക്ക് ഗസ്റ്റ് ഹൗസിനു മുന്നിൽ, വാളിക്കോട് ജംഗ്ഷനിൽ എന്നിവിടങ്ങളിലാണ് വഴിയിടം നിർമ്മിക്കുന്നത്. ടൈൽ പാകി മനോഹരമായ ടോയ്‌ലെറ്റുകൾ സ്ത്രീ-പുരുഷന്മാർക്ക് വെവ്വേറെയാണ് നിർമ്മിച്ചിട്ടുള്ളത്. ടൗൺ എൽ.പി.എസ് മതിലിനു വെളിയിൽ അടിസ്ഥാനം ഒരുക്കുന്ന തിരക്കിലാണ്. ഫുട്പാത്തിൽ നിന്ന് എളുപ്പം പ്രവേശിക്കാവുന്ന തരത്തിലാണ് ഇവിടെ വഴിയിടം നിർമ്മിക്കുന്നത്. റവന്യൂവകുപ്പാണ് സ്ഥലം കണ്ടെത്തി നഗരസഭയ്ക്ക് കൈമാറിയത്. മറ്റ് സ്ഥലങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന് പുറമെ, കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിനുള്ളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ നിർമ്മിച്ചിട്ടുള്ള കംഫർട്ട് സ്റ്റേഷനുകളുടെ ഫലപ്രദമായ നടത്തിപ്പും നഗരസഭ ഏറ്റെടുത്തിട്ടുണ്ട്. ശുചിത്വ മിഷനുമായി ചേർന്ന് അഞ്ച് ലക്ഷം രൂപയുടെ കരാറാണ് കെ.എസ്.ആർ.ടി.സിയുമായി ഉറപ്പിച്ചിട്ടുള്ളത്.
ടോയ്‌ലെറ്റ് നിർമ്മാണത്തിന് നഗരത്തിൽ സ്ഥലം കണ്ടെത്തൽ വലിയ വെല്ലുവിളിയാണ്. എതിർപ്പുകൾ അവഗണിച്ച് ഇപ്പോൾ നിശ്ചയിച്ച സ്ഥലങ്ങളിൽ 'ടേക്ക് എ ബ്രേക്ക്" പദ്ധതിയിൽ ഉൾപ്പെടുത്തി 'വഴിയിടങ്ങൾ" നിർമ്മിക്കുന്നത് പൊതുജനനന്മയെ കരുതിയാണ്. എല്ലാവരും ഇക്കാര്യത്തിൽ സഹകരിക്കണം
ചെറ്റച്ചൽ സഹദേവൻ
ചെയർമാൻ, നെടുമങ്ങാട് നഗരസഭ