
വെഞ്ഞാറമൂട്: ആളും ആരവങ്ങളുമില്ലാതെ കഴിഞ്ഞ എട്ട് മാസമായി മൂകതയിലാണ് വെമ്പായം കൊപ്പത്ത് പ്രവർത്തിക്കുന്ന ഹാപ്പിലാൻഡ് അമ്യൂസ്‌മെന്റ് പാർക്ക്. കൊവിഡ് രോഗവ്യാപനം വ്യാപിച്ചതോടുകൂടി നൂറോളം ജീവനക്കാരുടെ ഉപജീവനമാർഗം നിലച്ചു.
മാണിക്കൽ, വെമ്പായം പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് ഈ സ്ഥാപനത്തിലെ ജീവനക്കാരിൽ കൂടുതലും. ഏറിയപങ്കും സ്ത്രീകളാണ്. 100 ലധികം പേർക്ക് പ്രത്യക്ഷമായും അൻപതോളം പേർക്ക് പരോക്ഷമായും ജോലി നൽകുന്ന ഈ സ്ഥാപനം പ്രവാസി മലയാളികളുടെ സംരംഭമാണ്. 2005 ലാണ് പ്രവാസി മലയാളികളായ യുവാക്കൾ ചേർന്ന് പത്ത് കോടിയോളം രൂപ മുതൽ മുടക്കി അമ്യൂസ്‌മെന്റ് പാർക്ക് തുടങ്ങുന്നത്.
കൊവിഡിനെ തുടർന്ന് സ്ഥാപനം അടച്ചിട്ടിരിക്കുകയാണെങ്കിലും ഹൗസ് കീപ്പിംഗ്, റെെഡ്മെയിന്റനൻസ്, സെക്യൂരിറ്റി ചിലവ് ഇനത്തിൽ ഓരോ മാസവും അഞ്ച് ലക്ഷത്തോളം രൂപ ചിലവ് വരുന്നു. ഇപ്പോഴും ദിവസവും പത്തിലധികം ജോലിക്കാർ ഡ്യൂട്ടിയിലുണ്ട്. മാർച്ച് മുതൽ സെപ്തംബർ വരെ 50 ലക്ഷത്തോളം രൂപ മെയിന്റനൻസിന് വേണ്ടി മാത്രം ചെലവായതായി ടെക്നീഷ്യൻമാർ തന്നെ പറയുന്നു. പ്രവർത്തനം പുനരാരംഭിക്കണമെങ്കിൽ മെയിന്റനൻസ് ഇനത്തിൽ 50 -60 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്ന് ജീവനക്കാർ പറയുന്നു. കൊവിഡ് ആരംഭിച്ചതിന് ശേഷമുള്ള ഏപ്രിൽ - മേയ് മാസങ്ങളും ആഗസ്റ്റ് -സെപ്തംബർ ഫെസ്റ്റിവൽ സീസണുകളും നഷ്ടപ്പെട്ടു. സെപ്തംബർ മുതൽ സ്കൂളുകളിലെ സ്റ്റഡി ടൂറിന്റെ ഭാഗമായി കുട്ടികൾ എത്തുമായിരുന്നു. ഇവരിൽ നിന്നും താരതമ്യേന കുറഞ്ഞ നിരക്കായിരുന്നു ഈടാക്കിയിരുന്നത്. സ്ഥാപനത്തിന്റെ വരുമാനത്തിൽ പകുതിയും സ്കൂൾ പാക്കേജുകളിൽ നിന്നുമായിരുന്നു ലഭിച്ചിരുന്നത്. കൊവിഡ് കാരണം അതും നിലച്ചു.
ഇക്കൊല്ലത്തെ ക്രിസ്മസ്, ന്യൂഇയർ സീസണും ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് ഇവർ പറയുന്നു. സീസണിൽ ഒരു ദിവസം 500 ഓളം പേർ പാർക്ക് സന്ദർശിക്കുമായിരുന്നു.