
തിരുവനന്തപുരം: സർക്കാർ സെൻട്രൽ പ്രസിൽ നിന്ന് അതീവ രഹസ്യ സ്വഭാവമുളള ഫയലുകളും രേഖകളും നശിപ്പിച്ച കേസിലെ പ്രതി നെല്ലിമൂട് സ്വദേശിയും സീനിയർ ബെെൻഡറുമായ വി.എൽ.സജിയുടെ ജാമ്യഹർജി ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി തളളി.
പി.എസ്.സി പരീക്ഷയ്ക്ക് ആവശ്യമായ ഒ.എം.ആർ ഷീറ്റിന്റെ സാങ്കേതിക വിദ്യ അടക്കമുളള അതീവ രഹസ്യ സ്വഭാവത്തിൽപെട്ട നിരവധി ഫയലുകളാണ് തിരിച്ചെടുക്കാൻ കഴിയാത്ത വിധം പ്രതി നശിപ്പിച്ചത്. കമ്പ്യൂട്ടറിലും ലാപ്ടോപ്പിലും സൂക്ഷിച്ചിരുന്ന അതീവ രഹസ്യ സ്വഭാവമുളള ഫയലുകൾ നഷ്ടപ്പെട്ട വാർത്ത സർക്കാരിനെ ഏറെ കളങ്കപ്പെടുത്തിയിരുന്നു.
ഒ.എം.ആർ ഷീറ്റുകളുടെ സാങ്കേതിക വിദ്യ പുറത്തായത് പി.എസ്.സിയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതായി ചിത്രീകരിക്കപ്പെട്ടിരുന്നു. പ്രതി സർക്കാർ കമ്പ്യൂട്ടറും ലാപ്ടോപ്പും ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇയാളെ ഷൊർണൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. പകരം ചുമതലയേറ്റ സീനിയർ ബെെൻഡർ ആണ് ഫയലുകൾ നഷ്ടമായ വിവരം അധികാരികളെ അറിയിച്ചത്. തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്പൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ കൂടുതൽ പേർ പങ്കാളികളാണോയെന്നും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്ന സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്ന് പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ വാദിച്ചു. സർക്കാർ വാദം അംഗീകരിച്ചാണ് കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചത്.