court

കാസർകോട്: വീഡിയോ കോളിലൂടെ മൊഴിയെടുത്തും വാട്സാപ്പിൽ സമൻസ് അയച്ചും കോടതിയുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയാണ് കാസർകോട് ജില്ലയിലെ കോടതികൾ. ഇത്തരത്തിൽ വിചാരണ പൂർത്തിയാക്കിയ കേസിൽ ആദ്യവിധിയുണ്ടായത് കാസർകോട് കുടുംബ കോടതിയിൽ നിന്ന്. ബേക്കൽ ചിറമ്മൽ സ്വദേശിയും ബദിയടുക്ക മാളംകൈ സ്വദേശിനിയും തമ്മിലുള്ള വിവാഹ മോചന കേസിലാണ് ദുബായിലുള്ള ഭർത്താവിന്റെ മൊഴി വീഡിയോ കോൺഫറൻസ് വഴി രേഖപ്പെടുത്തി വിചാരണ പൂർത്തിയാക്കി കുടുംബകോടതി ജഡ്ജി ഡോ. വിജയകുമാർ ഇന്നലെ വിധി പറഞ്ഞത്.

കുടുംബകോടതികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനൊരു രീതി. വിവാഹ മോചന ഹർജി നൽകിയ ഭാര്യ കോടതിയിൽ നേരിട്ട് ഹാജരായി മൊഴി നൽകി. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹർജി നൽകിയത്. ആറു മാസം കഴിഞ്ഞു കോടതി കേസ് വിചാരണക്ക് വെച്ചപ്പോൾ ലോക്ക്ഡൗൺ ആയി. ദുബായിൽ ഇലക്ട്രിക്കൽ എൻജിനിയറായ ഭർത്താവിന് കോടതിയിൽ ഹാജരാകാൻ കഴിയാതെ വന്നു. വാദിഭാഗം അഭിഭാഷകനായ പാലക്കുന്നിലെ ബാബു ചന്ദ്രൻ നൽകിയ അപേക്ഷ പരിഗണിച്ച കോടതി ന്യുജെൻ മാതൃക സ്വീകരിക്കുകയായിരുന്നു.

വിചാരണക്കായി ഗൾഫിൽ നിന്ന് വരുന്നതിനുള്ള പ്രയാസം കണക്കിലെടുത്തും 58 വയസ് കഴിഞ്ഞതിനാൽ നാട്ടിലേക്ക് വന്ന് തിരികെ പോയാൽ ജോലി നഷ്ടപ്പെടുമെന്ന സാഹചര്യം ബോധ്യപ്പെട്ടും കോടതി വീഡിയോ കോൺഫറൻസ് വഴി ഭർത്താവിന്റെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. ഒരു ദിവസം കൊണ്ട് വീഡിയോകോൾ മൊഴിയെടുപ്പ് പൂർത്തിയാക്കിയ ജഡ്ജി മൂന്നാം ദിവസം വിവാഹമോചനം അനുവദിച്ചുകൊണ്ട് വിധി പറയുകയും ചെയ്തു.

അഡ്വ. ബാബുചന്ദ്രൻ തന്നെ ഹാജരായ മറ്റൊരു കേസിൽ മലേഷ്യയിലുള്ള എതിർ കക്ഷിക്ക് കാസർകോട് സബ് കോടതി ജഡ്ജി ജലജാ റാണി വാട്സ്ആപ് വഴി സമൻസ് അയച്ചുകൊണ്ടാണ് നടപടി ക്രമങ്ങൾ തുടങ്ങിയത്. മറ്റൊരു രാജ്യത്തുള്ള എതിർകക്ഷിക്ക് സമൻസ് അയക്കാനുള്ള സങ്കേതിക പ്രയാസം പരിഗണിച്ചു വാദിഭാഗം അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ് വാട്ടസ്ആപ് വഴി അയച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിവിൽ കേസിൽ രണ്ടുതവണ എതിർകക്ഷി കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ പൊലീസ് മുഖേന ഫോൺ നമ്പർ സംഘടിപ്പിച്ചു സമൻസ് അയക്കുന്നതിന് ഉത്തരവിടുകയായിരുന്നു. അതിനിടെ മലേഷ്യയിലെ പത്രങ്ങളിൽ പബ്ലിഷ് ചെയ്തു സമൻസ് നടത്താമെന്ന നീക്കവും നടത്തിയിരുന്നു. എന്നാൽ അതിനുള്ള ഒട്ടേറെ സാങ്കേതിക കുരുക്ക് കണക്കിലെടുത്താണ് വാട്സ്ആപ് മാർഗം സമൻസ് നടത്താൻ കോടതി തയ്യാറായത്.