
തിരുവനന്തപുരം: സി.പി.എമ്മിന്റെയും സി.പി.ഐയുടെയും നിലപാടുകൾ നേരത്തേ തന്നെ വ്യക്തമായ പശ്ചാത്തലത്തിൽ ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗം ജോസ് കെ. മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് എമ്മിനെ മുന്നണി ഘടകകക്ഷിയാക്കാൻ തീരുമാനിച്ചു. ഇടതു മുന്നണിയിലെ പതിനൊന്നാമത്തെ ഘടകകക്ഷിയാണിത്. ആവശ്യപ്പെട്ട ഉടൻ ഘടക കക്ഷിയാക്കിയെന്ന പ്രത്യേകതയും ഈ തീരുമാനത്തിനുണ്ട്.
ഒരു മണിക്കൂർ നീണ്ട യോഗത്തിൽ ആമുഖമായി കൺവീനർ എ. വിജയരാഘവനാണ് കേരള കോൺഗ്രസ്-എം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി അറിയിച്ചത്. അവരുടെ കത്ത് ലഭിച്ച സാഹചര്യത്തിൽ ഘടകകക്ഷികൾ അഭിപ്രായം വ്യക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
യു.ഡി.എഫിനെ രാഷ്ട്രീയമായി ദുർബലപ്പെടുത്തുന്ന തീരുമാനമാണിതെന്നും വ്യക്തമാക്കി. മുന്നണി പൊതുവായെടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പിന്നാലെ സംസാരിച്ച ഘടകകക്ഷികളെല്ലാം പിന്തുണച്ചു.
എൻ.സി.പിയെ തടഞ്ഞ്
മുഖ്യമന്ത്രി
ജോസ് വിഭാഗത്തിന്റെ വരവിനെ പിന്തുണച്ചെങ്കിലും തങ്ങളുടെ കൈവശമുള്ള പാലാ സീറ്റ് വിട്ടുകൊടുക്കേണ്ടി വരുമെന്ന പത്രവാർത്തകളിൽ ആശങ്കയുണ്ടെന്ന് എൻ.സി.പി പ്രസിഡന്റ് ടി.പി. പീതാംബരൻ എൽ.ഡി.എഫ് യോഗത്തിൽ പറഞ്ഞു. ഇതൊക്കെ വെറും ആശങ്കയാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ചർച്ചയ്ക്കൊടുവിൽ അങ്ങനെ ഉപാധിയുണ്ടോ എന്ന് പീതാംബരൻ ആവർത്തിച്ചപ്പോൾ മുഖ്യമന്ത്രി സ്വരം കടുപ്പിച്ചു: ' ഒരു തരത്തിലുമുള്ള ഡിമാൻഡോ അവകാശവാദമോ ഉന്നയിച്ചിട്ടല്ല വരുന്നത്, പിന്നെയെന്തിന് നിങ്ങൾ അനാവശ്യ കാര്യങ്ങൾ ചർച്ച ചെയ്യുന്നു?"- മുഖ്യമന്ത്രി ചോദിച്ചു.
ജനതാദളുകൾ ഒന്നിച്ചുനിൽക്കണം
2016ൽ ഇടതുമുന്നണി അധികാരത്തിലെത്തിയതിന് പിന്നാലെ മുന്നണിയിലെത്തിയ തങ്ങൾക്ക് അർഹമായ പരിഗണന പ്രതീക്ഷിക്കുന്നുവെന്ന് ലോക് താന്ത്രിക് ജനതാദൾ നേതാവ് ഷേക് പി. ഹാരിസ് പറഞ്ഞു. അതിന് മറുപടിയായി, നിങ്ങൾ ജനതാദളുകാർ (ലോക് താന്ത്രിക് ദളും ജനതാദൾ-എസും) ഇങ്ങനെ അപ്പുറവുമിപ്പുറവുമായി നിൽക്കുന്നത് ഒഴിവാക്കിക്കൂടേയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കേരള കോൺഗ്രസിനെ (എം) ഘടകകക്ഷിയാക്കാനുള്ള ഇടതു മുന്നണി യോഗ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എൽ.ഡി.എഫ് തീരുമാനം വൻ രാഷ്ട്രീയ മുന്നേറ്റത്തിന് വഴിയൊരുക്കും. കെ.എം. മാണി ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിനും അതിനൊപ്പം നിന്ന ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണ് തീരുമാനം.
(ഇടതു മുന്നണി തീരുമാനമറിഞ്ഞ് ജോസ് കെ. മാണിയുടെ പ്രതികരണം)