tourism

കൊച്ചി: കേടുപാടുകൾ തീർത്തും മോടിപിടിപ്പിച്ചും സഞ്ചാരികളെ വരവേൽക്കാൻ അവസാനവട്ട ഒരുക്കം പൂർത്തിയായി. മത്സ്യഫെഡിന്റെ ജലവിനോദ സഞ്ചാരകേന്ദ്രങ്ങൾ ഇന്ന് തുറക്കും. കൊവിഡ് മൂലം എട്ടുമാസം അടച്ചിട്ടിരുന്ന ഞാറയ്ക്കൽ, മാലിപ്പുറം ഫിഷ് ഫാമുകളാണ് തുറക്കുന്നത്. ഏറെനാളത്തെ കാത്തിരിപ്പിനുശേഷം കേന്ദ്രങ്ങൾ തുറക്കുമ്പോൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നൂതനമായ ടൂറിസം പാക്കേജുകളാണ് ഒരുക്കുന്നത്.

പാക്കേജുകൾ

ഒരാൾക്ക് 350 രൂപ മുതൽ 400 രൂപ വരെയുള്ള കോമ്പിനേഷൻ പാക്കേജുകളും മുളംകുടിൽ, വഞ്ചിതുരുത്തിലെ ഏറുമാടം തുടങ്ങിയ പ്രത്യേക പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. സ്‌പെഷ്യൽ ഈവനിംഗ് പാക്കേജുകളുമുണ്ട്. ഈവനിംഗ് പാക്കേജിലെ കായൽ സവാരി പ്രധാന ആകർഷണമാണ്. ഞാറയ്ക്കൽ, മാലിപ്പുറം ജലവിനോദസഞ്ചാര കേന്ദ്രങ്ങളെ സമന്വയിപ്പിച്ചു നടപ്പാക്കുന്ന 'ദ്വയം' ശ്രദ്ധ പിടിച്ചുപറ്റിയ പാക്കേജാണ്. സ്‌പെഷ്യൽ പാക്കേജുകൾക്ക് 650രൂപയും ദ്വയം പാക്കേജിന് 600 രൂപയുമാണ് നിരക്ക്. പൂമീൻചാട്ടം, കുട്ടവഞ്ചി, സോളാർ ബോട്ട്, വാട്ടർസൈക്കിൾ, കയാക്കിംഗ്, കണ്ടൽ പാർക്കിലൂടെ പെഡൽ ബോട്ടിംഗ്, റോവിംഗ് ബോട്ട് എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്.

ആഹാരം മുഖ്യം

വൈവിദ്ധ്യമാർന്ന മത്സ്യവിഭവങ്ങളുമായി രണ്ട് കേന്ദ്രങ്ങളിലെയും ഭക്ഷണശാലകളും തുറക്കും. ചൂണ്ടയിട്ടു പിടിക്കുന്ന മീനുകളെ ആവശ്യാനുസരണം പാകംചെയ്തുനൽകും. ഫാമിൽനിന്ന് പിടിക്കുന്ന മത്സ്യം കൊണ്ടുണ്ടാക്കിയ ഉച്ചയൂണാണ് മുഖ്യആകർഷണം. സ്‌പെഷ്യൽ വിഭവങ്ങളായി, കക്ക, ഞണ്ട്, ചെമ്മീൻ തുടങ്ങിയവയും ലഭിക്കും. മുൻകൂട്ടി ഓർഡർ നൽകിയാൽ മാംസാഹാരവുമെത്തും. ചൂണ്ടയിൽ കൊത്തുന്ന മത്സ്യം വില നൽകിയാൽ കൊണ്ടുപോകാം. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് സന്ദർശകരെ അനുവദിക്കുക. മുൻകൂട്ടി ബുക്ക് ചെയ്യണം. നമ്പർ : 9497031280, 9526041199

കൊവിഡ് കാലത്ത് ഫാം ടൂറിസം ഏറെ സുരക്ഷിതമായതിനാൽ പ്രകൃതി രമണീയത ആസ്വദിച്ച് ഇളംകാറ്റേറ്റ് ഇഷ്ടമുള്ള നാടൻവിഭവങ്ങൾ രുചിച്ച് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഉല്ലസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. "

നിഷ. പി

സെന്റർ മാനേജർ

മത്സ്യഫെഡ് ഫിഷ് ഫാംസ് ആൻഡ് അക്വാ ടൂറിസം