flat

കിളിമാനൂർ: വീടും ഭൂമിയും ഇല്ലാതെ കഷ്ടപ്പെടുന്നവർക്കായി കരുതലിന്റെയും സ്‌നേഹത്തിന്റെയും പുത്തൻമാതൃക സൃഷ്ടിക്കുകയാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് 51 കുടുംബങ്ങൾക്ക് ഒരു കുടക്കീഴിൽ വീടൊരുക്കുന്ന ഭവന പദ്ധതിയാണിത്. എട്ട് പഞ്ചായത്തിലെ ഭവന രഹിതരും ഭൂരഹിതരുമായ പട്ടികജാതിയിൽപ്പെട്ട കുടുംബങ്ങൾക്കാണ് വീടൊരുക്കുന്നത്. വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി, വിനോദ ഉപാധികൾ തുടങ്ങിയ സൗകര്യങ്ങളുള്ള ഫ്ലാറ്റ് ഈ വർഷത്തോടെ പൂർത്തിയാക്കാനാണ് തീരുമാനം.

പഴയകുന്നുമ്മൽ പഞ്ചായത്തിലെ 80 സെന്റ് പുരയിടം ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സമ്പുർണ സോളാർ ബ്ലോക്ക് പഞ്ചായത്ത്, ഹോളോബ്രിക്‌സ് യൂണിറ്റ്, ഹരിത കർമ്മ സേന, ജില്ലയിൽ ആദ്യമായി ഗ്യാസിലും, വൈദ്യുതിയിലും പ്രവർത്തിപ്പിക്കുന്ന " സമത്വ തീരം " ശ്മശാനം തുടങ്ങിയവ നടപ്പാക്കിയ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് മറ്റൊരു പൊൻ തൂവലാകും ഈ ഫ്ലാറ്റ് സമുച്ചയം.

 ഭൂമി വാങ്ങിയത് - 64 ലക്ഷം രൂപയ‌്ക്ക്

 പ്രയോജനം - 51 കുടുംബങ്ങൾക്ക്

 ഒരു കുടുംബത്തിന് വേണ്ടി കണക്കാക്കുന്ന തുക - 12 ലക്ഷം

 നിർമ്മാണത്തുക - 6.12 കോടി രൂപ

ശ്രദ്ധേയമാകുന്ന പദ്ധതി

ബ്ലോക്ക് പഞ്ചായത്തിന്റെ 2017-2018 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വസ്‌തു വാങ്ങുന്നതിന് 64 ലക്ഷം അനുവദിച്ചത്. 2018-2019 വാർഷിക പദ്ധതിയിൽ ഭവന സമുച്ചയത്തിന്റെ ആരംഭത്തിനും, ചുറ്റുമതിലിനുമായി 74 ലക്ഷവും അനുവദിച്ചു. തുടർ പ്രവർത്തനത്തിന് ബ്ലോക്കിന്റെ തനത് ഫണ്ടും ചെലവഴിക്കും. ജൈവ ചുറ്റുമതിൽ, സോളാറിൽ വൈദ്യുതി, സ്വിമ്മിംഗ് പൂൾ, അങ്കണവാടി, വിനോദത്തിനും വിജ്ഞാനത്തിനുമായി മിനി ചിൽഡ്രസ് പാർക്ക്, കിൻഡർ ഗാർഡൻ ഇതെല്ലാം ഉൾപ്പെട്ടതാണ് ഫ്ലാറ്റ് സമുച്ചയം. ഫ്ലാറ്റുകൾ കുടുംബങ്ങൾക്ക് കൈമാറുമെങ്കിലും ഉടമസ്ഥാവകാശം ബ്ലോക്ക് പഞ്ചായത്തിനായിരിക്കും.

ഇത്തരത്തിലുള്ള ഭവന നിർമ്മാണ പദ്ധതി സംസ്ഥാനത്ത് മറ്റൊരു ബ്ലോക്ക് പഞ്ചായത്തും നടപ്പാക്കിയിട്ടില്ല. ഹരിതപ്രോട്ടോക്കോൾ പാലിച്ചായിരിക്കും നിർമ്മാണം പൂർത്തിയാക്കുക. ശ്രീജ ഷൈജുദേവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്