
തിരുവനന്തപുരം: സി.ബി.ഐയും കൈയൊഴിഞ്ഞതോടെ ട്രാവൻകൂർ ടൈറ്റാനിയത്തിൽ 256കോടി രൂപ ചെലവിൽ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ തുടങ്ങിവച്ച പദ്ധതിയിലെ വൻഅഴിമതി കുഴിച്ചുമൂടുമെന്നുറപ്പായി. 1997ൽ നടപടികൾ ആരംഭിക്കുകയും 2006ൽ കരാർ ഒപ്പുവച്ച് മറ്റ് ഇടപാടുകൾ നടത്തുകയും ചെയ്ത പദ്ധതിയെക്കുറിച്ച് ഇനി അന്വേഷിച്ചാൽ ഫലപ്രദമാവില്ലെന്നാണ് സി.ബി.ഐ നിലപാട്.
13 വർഷം അന്വേഷിച്ച വിജിലൻസ് 80 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നെങ്കിലും വമ്പന്മാരെ തൊടാനായില്ല.
വിജിലൻസ് കോടതി നടത്തിയ പരാമർശത്തിന്റെ പേരിൽ മുഖ്യമന്ത്റിയായിരുന്ന ഉമ്മൻചാണ്ടി ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ ഒഴിഞ്ഞിരുന്നു.ഉദ്യോഗസ്ഥർക്കു പുറമേ ഇടത്-വലത് രാഷ്ട്രീയ പ്രമുഖരെല്ലാം ആരോപണവിധേയരാണ്.
മലിനീകരണ നിയന്ത്രണ പദ്ധതിയുടെ അവസാനഘട്ടത്തിലേക്കുള്ള 1,28,17,875യൂറോ (89.79കോടി രൂപ) വിലവരുന്ന യന്ത്രസാമഗ്രികൾ നേരത്തേ വാങ്ങിയതിലാണ് വൻഅഴിമതി. ഫിൻലാൻഡിലെ ചെമ്മറ്റൂർ ഇക്കോപ്ളാനിംഗ്, യൂറോപ്പിലെ എ.വി.ഐ എന്നീ സ്ഥാപനങ്ങളിൽ നിന്നായിരുന്നു ഇറക്കുമതി.
വിജിലൻസ് കണ്ടെത്തിയ
ക്രമക്കേടുകൾ
ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ രൂപം നൽകിയ 108കോടിയുടെ പദ്ധതി പിന്നീട് 256 കോടിയുടേതായി മാറ്റി
തറക്കല്ലിടും മുൻപ് 109കോടി അനുവദിച്ചു. 2006 മാർച്ചിൽ മെക്കോൺ കമ്പനിക്ക് 72 കോടിയും ഉപകരാറെടുത്ത ചെന്നൈ കമ്പനി വി.എ ടെക്കിന് 32.08കോടിയും കൺസൾട്ടൻസി ചാർജായി 5.56കോടിയും തിടുക്കത്തിൽ അനുവദിച്ചു.
89.79 കോടി രൂപയുടെ യന്ത്രസാമഗ്രികൾ ആദ്യമേ വിദേശത്ത് നിന്ന് വാങ്ങിയത് വൻഅഴിമതി. ഈ യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിച്ചു.പദ്ധതി പിന്നീട് ഉപേക്ഷിച്ചു.
120 കോടി വാർഷിക വിറ്റുവരവുള്ള ടൈറ്റാനിയത്തിൽ പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ 70 കോടി വാർഷിക നഷ്ടം ഉണ്ടാവുമായിരുന്നു.
പ്രതികൾ
ടൈറ്റാനിയം മുൻ എം.ഡി ഈപ്പൻ ജോസഫ്, ചീഫ് മാർക്കറ്റിംഗ് മാനേജരായിരുന്ന സന്തോഷ് കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഭാസ്‌കരൻ, കൊമേഴ്സ്യൽ മാനേജർമാരായിരുന്ന തോമസ് മാത്യു, വി.ഗോപകുമാർനായർ, കമ്പനി പ്രതിനിധിയായി എം.ഡി. മറ്റു പ്രതികളായ
ഇടനിലക്കാരൻ ഗ്രിന്റെക്‌സ് രാജീവൻ, മെക്കോൺ ജനറൽ മാനേജർ ഡി.കെ.ബസു എന്നിവരെ കണ്ടെത്താനായില്ല.