
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റമുണ്ടാക്കുന്നതിന് പുറമേ നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണമുറപ്പാക്കാനുള്ള സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്ന രാഷ്ട്രീയ തീരുമാനമാണ് കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗത്തിന്റെ വരവോടെ സംഭവിക്കുകയെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ് യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാധിയുമില്ലാതെയാണ് കേരള കോൺഗ്രസ്-എം മുന്നണിയുടെ ഭാഗമാകുന്നത്. ജോസ് കെ.മാണി വിഭാഗത്തിന്റെ പിന്നിൽ നിൽക്കുന്ന ജനവിഭാഗങ്ങൾ ഇടതുമുന്നണിക്കൊപ്പം വരുന്നതോടെ യു.ഡി.എഫ് ശിഥിലമാകും. കോവൂർ കുഞ്ഞുമോൻ ഇടതുമുന്നണിയുടെ എം.എൽ.എയാണ്. അദ്ദേഹവുമായും ബന്ധപ്പെട്ടവരുമായും സഹകരിച്ച് തന്നെ ഇടതുമുന്നണി മുന്നോട്ട് പോകും. നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്തിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് ചർച്ച ചെയ്തത്. പ്രാദേശികതലത്തിൽ യോജിച്ച നിലപാടെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജന ജീവിതം മെച്ചപ്പെടുത്താനായി പൊതുമാർഗനിർദ്ദേശപ്രകാരം മാനിഫെസ്റ്റോ തയാറാക്കാൻ ഘടകകക്ഷി പ്രതിനിധികളടങ്ങിയ ഉപസമിതി രൂപീകരിച്ചു.