
തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിക്ക് 286.50 കോടി രൂപ ചെലവിൽ 360 ബസുകൾ വാങ്ങാൻ അനുമതി നൽകിയതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.. ഫാസ്റ്റ് പാസഞ്ചറിന് 50 വൈദ്യുതി ബസുകളും സൂപ്പർ ഫാസ്റ്റിന് 310 സി.എൻ.സി ബസുകളുമാണ് വാങ്ങുന്നത്.
50 ഇലക്ട്രിക് ബസുകൾ വാങ്ങാൻ കേന്ദ്രത്തിന്റെ ഫെയിം 2 പദ്ധതി പ്രകാരമുള്ള സബ്സിഡി കിഴിച്ച് 27.50 കോടി രൂപ കേന്ദ്ര വിഹിതമായും കിട്ടും. ശേഷിക്കുന്ന 259 കോടി കിഫ്ബിയിൽ നിന്ന് 4% പലിശയ്‌ക്ക് വായ്പയാണ്. ധനമന്ത്രി തോമസ് ഐസക് ചെയർമാനായ കിഫ്ബി ബോർഡ് നേരത്തെ കെ.എസ്.ആർ.ടി.സിക്ക് തുക അനുവദിച്ചിരുന്നു.
കേരളകൗമുദി അന്ന് ചൂണ്ടിക്കാട്ടി
2017ൽ 900 ബസുകൾ വാങ്ങാൻ കിഫ്ബിയിൽ നിന്ന് 300 കോടി നൽകാൻ സർക്കാർ തയ്യാറായിരുന്നു. മാനേജ്മെന്റ് തയ്യാറായില്ല. പകരം സ്വകാര്യ ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കാനായിരുന്നു ചിലരുടെ നീക്കം. ഇക്കാര്യം ചൂണ്ടിക്കാട്ടി '900 ബസുകളിൽ ഒന്നുപോലും വാങ്ങാതെ കെ.എസ്.ആർ.ടി.സി' എന്ന തലക്കെട്ടിൽ കേരളകൗമുദി ഫെബ്രുവരി 15 ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ബസ് വാങ്ങാത്തതിനു കാരണം ബോധിപ്പിക്കാനും തുടർനടപടിയുടെ വിശദവിവരം നൽകാനും അന്നുതന്നെ മന്ത്രി എ.കെ.ശശീന്ദ്രൻ കോർപ്പറേഷൻ എം.ഡി എം.പി ദിനേശിനോട് ആവശ്യപ്പെട്ടു. 410 ബസ് വാങ്ങാമെന്ന റിപ്പോർട്ട് വൈകിട്ടു തന്നെ മന്ത്രിയുടെ ഓഫീസിലുമെത്തി. ലോക്ക് ഡൗൺ കാരണം നീണ്ട പദ്ധതി ബിജു പ്രഭാകർ എം.ഡി ആയതോടെ ജീവൻ വയ്ക്കുകയായിരുന്നു.
തലസ്ഥാനം ഗ്രീൻ സിറ്റി
തിരുവനന്തപുരത്തെ ഗ്രീൻ സിറ്റിയാക്കുന്നതിന്റെ ഭാഗമായി മൂന്ന് വർഷത്തിനകം സി.എൻ.ജി, എൽ.എൻ.ജി, ഇലക്ട്രിക് ബസുകൾ മാത്രമാക്കാനാണ് ശ്രമം. ആനയറയിൽ സി.എൻ.ജി പമ്പ് വന്നിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിൽ പമ്പ് സ്ഥാപിക്കാൻ ഓയിൽ കമ്പനികൾ പഠനം നടത്തുകയാണ്. എൽ. എൻ. ജിയുടെ വില വളരെ കുറവാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ഒരു കിലോ എൽ. എൻ. ജിക്ക് 44 രൂപയാണ്. സി.എൻ.ജിക്ക് 57.3 രൂപയും. ഡീസലിന് ലിറ്ററിന് 71 രൂപയാണ്. ഇന്ധനം മാറുന്നതോടെ 30% ലാഭമുണ്ടാകും.