
തിരുവനന്തപുരം: അപേക്ഷകർ കൂടുതലായി വരുന്ന തസ്തികകളിൽ പബ്ലിക് സർവീസ് കമ്മിഷൻ രണ്ട് ഘട്ടമായി നടത്താനിരുന്ന പരീക്ഷാ രീതിയിലെ ആദ്യഘട്ട പരീക്ഷ മാറ്റിവച്ചു. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളിലേക്ക് ഡിസംബറിൽ നടത്താനിരുന്ന പൊതുപ്രാഥമിക പരീക്ഷയാണ് കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിയത്. പൊതുഗതാഗത സംവിധാനങ്ങൾ പൂർവ്വസ്ഥിതിയിലെത്തുന്നതിന് കാലതാമസം നേരിടുന്നതുകൊണ്ടും ഓരോഘട്ട പരീക്ഷയ്ക്കും ഏകദേശം 2000 പരീക്ഷാകേന്ദ്രങ്ങൾ കൊവിഡ് സുരക്ഷാ മാനദണ്ഡ പ്രകാരം സജ്ജീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകുമെന്നതിനാലുമാണ് പരീക്ഷ മാറ്റിയത്. 2021 ഫെബ്രുവരിയിൽ പരീക്ഷ നടത്താനാണ് പി.എസ് .സി തീരുമാനം.
ജൂനിയർ ഇൻസ്ട്രക്ടർ (ഫിറ്റർ) അഭിമുഖം
വ്യാവസായിക പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ (ഫിറ്റർ) (കാറ്റഗറി നമ്പർ 569/17) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടുള്ള ഇന്റർവ്യൂ നവംബർ 4, 5, 6 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾ പി.എസ്.സി.യുടെ വെബ്‌സൈറ്റിൽ നിന്ന് കൊവിഡ് ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അവരവരുടെ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. കൊവിഡ് രോഗബാധിതർ, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവർ രേഖകൾ ഹാജരാക്കിയാൽ ഇന്റർവ്യൂ തീയതി മാറ്റി നൽകും. ഇന്റർവ്യൂ മെമ്മോ, വ്യക്തി വിവര കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. വ്യക്തി വിവരക്കുറിപ്പ് ,ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് ഹാജരാക്കണം . അഭിമുഖത്തിന് മൂന്ന് ദിവസം മുൻപ് വരെ അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷൻ ഗവൺമെന്റ് റിക്രൂട്ട്‌മെന്റ് (ജി.ആർ.9) വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
ഒ.എം.ആർ. പരീക്ഷ
ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 529/19), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 313/19) തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നവംബർ 4 ന് രാവിലെ 10.30 മുതൽ 12.15 വരെ നടത്താൻ തീരുമാനിച്ചിട്ടുള്ള ഒ.എം.ആർ. പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ വെബ്‌സൈറ്റിൽ.
എഴുത്തുപരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 287/19) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി നവംബർ 5 ന് രാവിലെ 10.30 മുതൽ 1 വരെ നടത്താൻ തീരുമാനിച്ചിട്ടുള്ള എഴുത്തുപരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ വെബ്‌സൈറ്റിൽ.
വകുപ്പുതല പരീക്ഷാസമയക്രമത്തിൽ മാറ്റം
നവംബർ 17 , 18 , 19 , 23 , 27 , 30 ,ഡിസംബർ 3 , 7 തീയതികളിലെ ഒ.എം.ആർ പരീക്ഷ തുടങ്ങുന്ന സമയം രാവിലെ 10 മണി മുതലായി പുനഃക്രമീകരിച്ചു. പരീക്ഷാർത്ഥികൾ 9.30 ന് മുമ്പായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണം. നവംബർ 17 , ഡിസംബർ 7 തീയതികളിലെ പരീക്ഷ രാവിലെ 10 മുതൽ 12 വരെയും ബാക്കി ദിവസങ്ങളിലെ പരീക്ഷ രാവിലെ 10 മുതൽ 11.30 വരെയും ആയിരിക്കും.