
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ രോഗികളുടെ വിശദാംശങ്ങൾ ശേഖരിച്ച് അവലോകനം ചെയ്യാൻ അമേരിക്കൻ സ്ഥാപനമായ സ്പ്രിൻക്ളറുമായി സർക്കാരുണ്ടാക്കിയ കരാറിൽ വീഴ്ച സംഭവിച്ചതായി ഇതേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട്.
ഇത് ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നിർദ്ദേശങ്ങളും ഇന്നലെ മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് ശുപാർശ ചെയ്തു.വിവാദങ്ങളെ തുടർന്ന് കരാർ സർക്കാർ റദ്ദാക്കിയിരുന്നു.
മുൻകേന്ദ്രവ്യോമയാന സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഐ.ടി. ഉപദേശക സമിതിയംഗവുമായ എം.മാധവൻ നമ്പ്യാരും സൈബർ സുരക്ഷാ വിദഗ്ധൻ ഗുൽഷൻ റായിയും അടങ്ങിയ കമ്മിഷനാണ് റിപ്പോർട്ട് നൽകിയത്.
കരാറിനു മുൻപ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്താത്തതാണ് പ്രധാന വീഴ്ച.
നിയമസെക്രട്ടറിയുടെ ഉപദേശമോ ആരോഗ്യവകുപ്പിന്റെ അഭിപ്രായമോ തേടിയില്ല. തീരുമാനമെടുത്തത് ശിവശങ്കർ നേരിട്ടായിരുന്നു. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ നിയമവകുപ്പിന്റെ ഉപദേശം തേടേണ്ടതായിരുന്നു. ആരോഗ്യവകുപ്പിന്റെ അനുമതിയും ആവശ്യമായിരുന്നു.
ടെണ്ടർ വിളിക്കാതെ കരാർ നൽകിയതിൽ അപാകതയുണ്ടെന്നോ, ജനങ്ങളുടെ സ്വകാര്യത കമ്പനി ചോർത്തിയെന്നോ റിപ്പോർട്ടിലില്ല.
1.8ലക്ഷം പേരുടെ വിവരങ്ങൾ കമ്പനി സമാഹരിച്ചു. ഇത് കേരളത്തിന് മടക്കി കൊടുത്തുവെങ്കിലും ദുരുപയോഗം ചെയ്തോ എന്ന് അറിയാൻ കേരളത്തിൽ സംവിധാനമില്ല. സ്പ്രിൻക്ളർ നൽകിയ ടൂൾ വിവരവിശകലനത്തിന് ഉപയോഗിച്ചിട്ടില്ല. പനി, തലവേദന, ഛർദി തുടങ്ങിയ രോഗവിവരങ്ങളാണ് കൈമാറിയത്.
സ്പ്രിൻക്ലർ മേധാവിയായ മലയാളി രാഗി തോമസ് അടക്കമുള്ളവരോട് വിഡിയോ കോൺഫറൻസ് വഴി കമ്മിറ്റി വിവരശേഖരണം നടത്തി.
"സ്പ്രിൻക്ളർ റിപ്പോർട്ട് ലഭിച്ചു. വിശദമായി പരിശോധിച്ചതിനുശേഷം മറ്റ് നടപടികൾ ആലോചിക്കും."
മുഖ്യമന്ത്രി
നിർദ്ദേശങ്ങൾ
. സൈബർ സുരക്ഷ ഓഡിറ്റിനായി വൈദഗ്ധ്യമുള്ള കമ്പനികളെ എംപാനൽ ചെയ്യണം.
. സി ഡിറ്റ് ജീവനക്കാർക്കു പരിശീലനം നൽകണം
സ്പ്രിൻക്ളർ വിവാദം
കൊവിഡ് ബാധയുണ്ടായപ്പോൾ നിരീക്ഷണത്തിലുള്ള 1.75ലക്ഷം പേരുടെ വിശദമായ ഡേറ്റ തയ്യാറാക്കാൻ മാർച്ച് 24ന് അമേരിക്കൻ സ്ഥാപനമായ സ്പ്രിൻക്ളറിന് അനുമതി നൽകി. ഏപ്രിൽ 2ന് കരാർ ഒപ്പുവെച്ചു. ക്രമരഹിതമെന്ന് പ്രതിപക്ഷം. സൗജന്യ സേവനമെന്ന് സർക്കാർ. സ്വകാര്യത സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം കോടതിയിൽ. കരാർ അവസാനിപ്പിക്കുന്നതായി മേയ് 21ന് സർക്കാർ കോടതിയെ അറിയിച്ചു.