
തിരുവനന്തപുരം: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ 5 വർഷം വരെ തടവു ശിക്ഷയുള്ള 118എ എന്ന വകുപ്പ് പൊലീസ് ആക്ടിൽ കൂട്ടിച്ചേർക്കാനുള്ള നിയമഭേദഗതി മാദ്ധ്യമങ്ങളുടെ വായ മൂടാനാണെന്ന് ആക്ഷേപമുയർന്നു. വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണു കൂട്ടിച്ചേർക്കുന്ന വകുപ്പിലുള്ളത്.
അഹിതമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമങ്ങളെ നിയന്ത്രിക്കാനുള്ള തന്ത്രമാണിതെന്നാണ് ആക്ഷേപം. ഐ.പി.സി 499, 500 വകുപ്പകൾ പ്രകാരമുള്ള അപകീർത്തിക്കേസുകളിൽ പരാതിക്കാരൻ ഉണ്ടാവേണ്ടതുണ്ട്. നിയമഭേദഗതി നടപ്പായാൽ പരാതിക്കാരില്ലെങ്കിലും പൊലീസിന് കേസ് രജിസ്റ്റർ ചെയ്യാനാവും. സാമൂഹ്യമാദ്ധ്യമങ്ങളെ നിയന്ത്രിക്കാനെന്ന പേരിലാണ് നിയമഭേദഗതി കൊണ്ടുവരുന്നതെങ്കിലും പത്ര, ദൃശ്യ, ഓൺലൈൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. നിയമഭേദഗതി എല്ലാ മാദ്ധ്യമങ്ങൾക്കും ബാധകമാണെന്ന് മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം തടയാൻ നടപടിയെടുക്കണമെന്ന് ചീഫ്സെക്രട്ടറിക്കും ഡി.ജി.പിക്കും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. 2000 ലെ ഐടി ആക്ട് 66എ വകുപ്പും 2011 ലെ കേരള പൊലീസ് ആക്ട് 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്റ്യത്തിന് എതിരാണെന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടാൻ പൊലീസിനു കഴിയില്ലെന്ന് വിലയിരുത്തിയാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. എന്നാൽ, പൊലീസ് ആക്ടിലെ സെക്ഷൻ 119പ്രകാരം സ്ത്രീകൾക്കുനേരെയുണ്ടാകുന്ന ഏതുതരം അധിക്ഷേപങ്ങൾക്കെതിരെയും കേസെടുക്കാനാവുമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.