kovalam

കോവളം: ക്രൂ ചെയ്ഞ്ചിംഗ് ദൗത്യവുമായി എം.ഡി മലബാർ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നോടെ കൊല്ലത്തു നിന്ന് വിഴിഞ്ഞത്തെത്തിയ കൂറ്റൻ ടഗ്ഗായ മലബാറിനെ തുറമുഖ വകുപ്പധികൃതർ സ്വീകരിച്ചു. കേരള മാരിടൈം ബോർഡിന്റെ ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗ് (ഐ.ആർ.എസ്) ക്ലാസിൽപെട്ട ടഗാണ് എം.ഡി മലബാർ.

കരയിലേക്ക് വരുന്നതും തിരിച്ച് കപ്പലിൽ കയറാനുമുള്ള തൊഴിലാളികളെ കയറ്റാനുള്ള പ്രയത്നത്തിന് 2015ൽ നീറ്റിലിറങ്ങിയ എം.ഡി. മലബാർ മുതൽക്കൂട്ടാകും. പത്ത് ടൺ ബൊള്ളാർഡ് പുൾ ശേഷിയുള്ള മലബാർ എത്ര പേരെ വേണമെങ്കിലും വഹിക്കും. പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കാൻ കരുത്തുള്ള മലബാർ തന്റെ പിൻഗാമിയെത്തുന്നതുവരെ വിഴിഞ്ഞത്ത് തുടരും.

എം.ഡി മലബാറെത്തിയതോടെ അന്താരാഷ്ട്രതലത്തിലുള്ള വമ്പൻ ഷിപ്പിംഗ് കമ്പനികൾ വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് തുടരാൻ താത്പര്യം കാണിച്ചു കഴിഞ്ഞു. എന്നാൽ കൂടുതൽ വികസനമെത്തണമെങ്കിൽ ബങ്കറിംഗ് ടെർമിനൽ അടക്കമുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കണം.


 ധ്വനി ഉടനെത്തും
ക്രൂ ചെയ്ഞ്ചിംഗിന് കരുത്തേകാൻ വിഴിഞ്ഞത്തിന്റെ സ്വന്തം ധ്വനി ഉടനെത്തും. ഗോവയിലെ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് ബേപ്പൂർ വഴി രണ്ട് ദിവസം മുമ്പ് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ട ധ്വനി കമ്മിഷനിംഗ് കടമ്പ കാത്തു കിടപ്പാണ്. കേരള മാരിടൈം ബോർഡ് നാലരക്കോടി രൂപ മുടക്കി നിർമ്മിച്ച രണ്ട് ടഗുകളിൽ ഒന്നാണ് ധ്വനി. മറ്റൊന്നിനെ ബേപ്പൂർ തുറമുഖത്തിന്റെ ജോലിക്ക് നിയോഗിക്കും. ധ്വനിക്ക് അടുത്ത മാസം വിഴിഞ്ഞത്തെത്താൻ കഴിയുമെന്നാണ് തുറമുഖ വകുപ്പധികൃതരുടെ വിശ്വാസം.