
ആലപ്പുഴ: അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും ശിക്ഷ. പട്ടണക്കാട് കറുകയിൽ വീട്ടിൽ രാജപ്പനെ (50) കൊലപ്പെടുത്തിയ കേസിൽ അയൽവാസി കറുകയിൽ വീട്ടിൽ ഉദയനെ (61) യാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് പി.എസ്.ശശികുമാർ ശിക്ഷിച്ചത്. 2012 നവംബർ 4 നായിരുന്നു കേസിനാസ്പദമായ സംഭവം. അതിർത്തി വേലി കെട്ടുന്നതിനെ തുടർന്ന് നിലനിന്നിരുന്ന വിരോധമാണ് കൊലപാതക കാരണം..സംഭവ ദിവസം രാജപ്പൻ കെട്ടിയ വേലി ഉദയൻ തള്ളി മറിച്ചിടുകയും തുടർന്ന് വാക്കേറ്റമുണ്ടാക്കുകയും ചെയ്തു. ഉദയൻ ചിരവ കൊണ്ട് അടിച്ചതിനെ തുടർന്ന് രാജപ്പൻ മരിച്ചെന്നായിരുന്നു കേസ്. 20 സാക്ഷികളിൽ 14 പേരെ വിസ്തരിച്ചു. ചിരവകണ്ടെടുത്തപ്പോഴുള്ള സാക്ഷി കൂറുമാറി.18 രേഖകൾ തെളിവായി സ്വീകരിച്ചു. പ്രതി പിഴയടച്ചില്ലെങ്കിൽ നാലു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട രാജപ്പന്റെ വിധവ പെണ്ണാച്ചിക്ക് നൽകണമെന്നു വിധിയിലുണ്ട്. രാജപ്പന്റെ അവകാശികൾക്ക് നിയമ സംരക്ഷണം നൽകാൻ ജില്ല നിയമസഹായ വേദിക്ക് കോടതി നിർദ്ദേശം നൽകി.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി വിധു ഹാജരായി.