bekkal

കാസർകോട്: ബേക്കൽ കോട്ടയിൽ ടൂറിസം വകുപ്പ് ഒരുക്കിയ സ്വാഗത കമാനത്തിന്റേയും അനുബന്ധ സൗകര്യങ്ങളുടേയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പ്രധാന ടൂറിസം പദ്ധതിയായ പൊൻമുടി മുതൽ കാസർകോട്ടെ ബേക്കൽ കോട്ടയുടെ കമാനവും പാതയോര സൗന്ദര്യ വത്ക്കരണ പരിപാടികളും സംസ്ഥാനത്തെ കായലുകളും കടൽ തീരങ്ങളും ഹിൽ സ്‌റ്റേഷനുകളും കോട്ടയും ഡാമുകളും അടങ്ങിയ വിവിധ ജില്ലകളിലെ പ്രധാന പദ്ധതികളുമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന വേദിയോട് ചേർന്ന് സജ്ജീകരിച്ച പ്രവൃത്തി ഫലകം മുഖ്യമന്ത്രിക്ക് വേണ്ടി കെ. കുഞ്ഞിരാമൻ എം.എൽ.എ അനാച്ഛാദനം ചെയ്തു.

ബേക്കൽ കോട്ട പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ പരിപാടിയിൽ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയായി. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാലകിരൺ റിപ്പോർട്ട് അവതരിപ്പിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, ഡി.ടി.പി.സി എക്സിക്യുട്ടീവ് മെമ്പർ കെ.വി കുഞ്ഞിരാമൻ, വാർഡ് മെമ്പർ എം.ജി ആയിഷ, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എൻ.എസ് ബേബി ഷീജ എന്നിവർ സംസാരിച്ചു. കെ. കുഞ്ഞിരാമൻ എം.എൽ.എ സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവൻ നന്ദിയും പറഞ്ഞു.

ഉടൻ തന്നെ കോട്ട പ്രദേശത്ത് ഹൈമാസ്റ്റ് ലൈറ്റും ക്യാമറയും എം.എൽ.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ബേക്കൽ കോട്ടയിലെ ടൂറിസം പദ്ധതികൾക്ക് മികച്ച പിൻതുണയും സഹായങ്ങളും നൽകിയ ബി.ആർ.ഡി.സി അസിസ്റ്റന്റ് മാനേജറും ഡി.ടി.പി.സി പ്രൊജക്ട് മാനേജറുമായ പി. സുനിൽ കുമാറിന് എം.എൽ.എ ഉപഹാരം നൽകി.

വടക്കേ മലബാറിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ബേക്കൽ. ദക്ഷിണ കർണ്ണാടകയുടെയും ഉത്തര കേരളത്തിന്റെയും ചരിത്രത്തിൽ പ്രമുഖ സ്ഥാനമുള്ള ബേക്കൽ കോട്ട സന്ദർശിക്കാനെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികൾക്ക് സ്വാഗതമേകാനും പാതയോരം സൗന്ദര്യവത്ക്കരിക്കാനുമായി 2019 ജൂൺ മാസത്തിലാണ് 99,94,176 രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് അംഗീകാരം നൽകിയത്. സാങ്കേതികാനുമതി ലഭിച്ചയുടൻ നിർമ്മാണ പ്രവർത്തി ആരംഭിച്ചത് കാരണം, സ്വാഗത കമാനം, കോമ്പൗണ്ട് വാൾ, ഇന്റർലോക്ക് പതിച്ച നടപ്പാത, കൈവരികൾ, ട്രാഫിക് സർക്കിൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞു. നിർമ്മാണ ചുമതല ജില്ലാ നിർമ്മിതി കേന്ദ്രത്തിനായിരുന്നു.