
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകിയ സംഭവത്തിൽ താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. മോർച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചു. ആർ.എം.ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൃതദേഹം കൈമാറുന്നതിന് ചുമതലയുണ്ടായിരുന്ന സുരക്ഷാ ജീവനക്കരനെയാണ് പിരിച്ചുവിട്ടത്.
വെണ്ണിയൂർ സ്വദേശി ദേവരാജൻ ഈ മാസം ഒന്നിന് രാവിലെയാണ് മെഡിക്കൽ കോളജിൽ മരിച്ചത്. 57 കാരനായ ദേവരാജന് മരണശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടിന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. തുടർന്ന് തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ്‌കരിച്ചു. എന്നാൽ വിദേശത്ത് നിന്ന് വന്ന മകൻ സംസ്‌കാരത്തിന് മുമ്പ് മുഖം കാണുകയും സംശയം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മാറി നൽകിയത് വ്യക്തമായത്. ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാത മൃതദേഹമാണ് സംസ്‌കരിച്ചത്. സംഭവത്തിൽ ആർ.എം.ഒ മോഹൻ റോയ് നടത്തിയ അന്വേഷണത്തിൽ മോർച്ചറി ജീവനക്കാർക്ക് ഗുരുതര വീഴ്ചയുണ്ടായതായ് കണ്ടെത്തിയിരുന്നു. ടാഗ് നോക്കാതെ മൃതദേഹം വിട്ടുനൽകിയെന്നും കണ്ടെത്തി.