kanchav

പാറശാല:കഞ്ചാവ് മാഫിയാ സംഘങ്ങൾ നിർദ്ധന കുടുംബത്തെ വീട് കയറി ആക്രമിച്ചതായി പരാതി. കരുമാനൂർ മുട്ടാറ്റുവിള വസന്ത ഭവനിൽ പി.വി.മിഥുൻ വാടകയ്ക്ക് താമസിക്കുന്ന മുര്യങ്കര ആര്യശേരി ചിറക്കുളത്തിന് സമീപത്തെ വാടക വീടിന് നേരെയാണ് മാഫിയാ സംഘങ്ങളുടെ ആക്രമണം. മിഥുനും ഭാര്യയും 8 മാസം പ്രായമുള്ള കുഞ്ഞും മിഥുന്റെ അളിയന്റെ ഭാര്യയും രണ്ട് വയസുള്ള കുഞ്ഞും അമ്മയും വീട്ടിലുണ്ടായിരുന്ന സമയത്താണ് ആക്രമണം. ബുധനാഴ്ച രാത്രിയിൽ ആര്യശേരി ചിറക്കുളത്തിന് സമീപത്ത് കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന സംഘത്തിലെ ഒരു യുവാവിനെ എക്സൈസ് സംഘം പിടികൂടിയിരുന്നു. മിഥുന്റെ വീടിന് മുന്നിലിരുന്ന മിഥുന്റെ അളിയനോട് ഇയാളെ അറിയാമോ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ ചോദിച്ചതിന് മറുപടിയായി ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്നവരാണ് അറിയില്ലെന്ന് മറുപടിയും നൽകി. എക്സൈസ് സംഘം മടങ്ങിയതിനെ തുടർന്ന് രാത്രിയിലാണ് മാരകായുധങ്ങളുമായെത്തിയ ഏഴംഗ സംഘം വീടിന് മുന്നിലെ ഗേറ്റിന്റെ പൂട്ട് തകർത്ത ശേഷം അതിക്രമിച്ച് കയറി ബൈക്കുകളും വീടിന്റെ ജനൽചില്ലുകളും വാതിലുകളും തകർത്തത്. സംഭവത്തെ തുടർന്ന് വീട്ടിലുണ്ടായിരുന്നവർ ഓട്ടോയിൽ മിഥുന്റെ ഭാര്യയുടെ കരുമാനൂരിലുള്ള വീട്ടിലെത്തി രക്ഷപ്പെട്ടെങ്കിലും പിന്നീട് അർദ്ധരാത്രിയിലെത്തിയ സംഘം വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറി ടിവി ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫർണിച്ചറുകളും വീട്ടുപകരണങ്ങളും നശിപ്പിച്ച ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന 10000 രൂപയും അപഹരിച്ച് കടന്നു. പാറശാല പൊലീസിന് പരാതി നൽകിയിട്ടുണ്ട്.