v-k-prasanth-fb

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിലൂടെ നിർമ്മിച്ച വീടെന്ന പേരിൽ വി.കെ. പ്രശാന്ത് എം.എൽ.എ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ വീട് സർക്കാർ സഹായമല്ലെന്ന വെളിപ്പെടുത്തലുമായി ഉടമ രംഗത്തെത്തിയത് ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലും ട്രോളുമായി. മണിക്കൂറുകൾക്ക് ശേഷം തെറ്റുപറ്റിയെന്ന വീട്ടുടമയുടെ വെളിപ്പെടുത്തൽ സംഭവത്തിൽ അപ്രതീക്ഷിത ട്വിസ്റ്റായി.

സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് പതിവായി എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിടാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഇന്നലെ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. മൂവാറ്റുപുഴ ഇലഞ്ഞി സ്വദേശിയുടെ വീടിന്റെ ചിത്രം നമ്മുടെ സർക്കാർ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ചെയ്തത്. എം.എൽ.എയുടെ പോസ്റ്റിന് താഴെ ഇത് തന്റെ വീടാണെന്നും ഞങ്ങൾ കൂലിപ്പണിചെയ്ത് ഉണ്ടാക്കിയതാണെന്നും അല്ലാതെ സർക്കാർ നൽകിയതല്ലെന്നുമായിരുന്നു വീട്ടുടമയുടെ മകൻ ജെമിച്ചൻ ജോസിന്റെ കമന്റ്. ഒന്നും അറിയാതെ ഇതുപോലെ പോസ്റ്റ് ഇടരുതെന്നും ജെമിച്ചൻ കമന്റിട്ടു.

ഇത് ട്രോളായി മാറിയതോടെ എം.എൽ.എ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പക്ഷേ ജെമിച്ചന്റെ കമന്റുൾപ്പെടെയുള്ള സ്‌ക്രീൻ ഷോട്ടുകൾ സമൂഹമാദ്ധ്യമങ്ങളിൽ അപ്പോഴേക്കും ട്രോളുകളായി മാറി. എന്നാൽ വൈകിട്ടോടെ വീട്ടുടമ ഫേസ്ബുക്ക് ലൈവിലെത്തി തനിക്ക് തെറ്റുപറ്റിയതാണെന്നും പഞ്ചായത്തിന്റെ സഹായത്തോടെയാണ് വീട് നിർമ്മാണം തുടങ്ങിയതെന്നും വ്യക്തമാക്കുകയായിരുന്നു.

തുടർന്നുള്ള നിർമ്മാണങ്ങളാണ് സ്വന്തം ചെലവിൽ നടത്തിയതെന്നും ജോമിച്ചൻ ജോസ് അറിയിച്ചു. ദയവ് ചെയ്ത് കുത്തിപ്പൊക്കി ട്രോളാക്കരുത്. പോസ്റ്റ് കണ്ടപ്പോൾ പെട്ടെന്ന് പ്രതികരിച്ചത് തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണ്. എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും ജെമിച്ചൻ പറഞ്ഞു. പ്രാദേശിക പാർട്ടി പ്രവർത്തകരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന വ്യക്തതയുള്ള കാര്യങ്ങൾ മാത്രമേ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യാറുള്ളൂവെന്നും ഇതും അത്തരത്തിലുള്ള ഒന്നാണെന്നും വി.കെ. പ്രശാന്തും വ്യക്തമാക്കി. കമന്റിട്ടയാൾ ഫോണിൽ ബന്ധപ്പെട്ട് തെറ്റുപറ്റിയതാണെന്ന് പറഞ്ഞതായും എം.എൽ.എ പറഞ്ഞു. ഇതോടെ കാര്യങ്ങളിൽ വ്യക്തതവന്നെങ്കിലും ട്രോളുകൾ പരക്കുകയാണ്.