
വളാഞ്ചേരി : ഒമ്പതുകാരിയെ കാമുകന് കാഴ്ച വച്ച ശേഷം അയാൾക്കൊപ്പം ഒളിച്ചോടിയ സംഭവത്തിൽ കാമുകിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരിമ്പിളിയം വലിയകുന്ന് കൊടുമുടി ചേമ്പ്രൻമാരിൽ സുഭാഷ് (30), 28കാരിയായ മാതാവ് എന്നിവരെയാണ് വളാഞ്ചേരി എസ്.എച്ച്.ഒ എം കെ ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
2019 മാർച്ചിലാണ് സുഭാഷ് യുവതിയുടെ ഒമ്പതുവയസുള്ള പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടി അമ്മയോട് സംഭവം പറഞ്ഞപ്പോൾ ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി. അച്ഛനോട് പറഞ്ഞാൽ താൻ സുഭാഷിനൊപ്പം പോകുമെന്നും യുവതി പറഞ്ഞു. മൂന്നുതവണ ഇയാൾ പീഡിപ്പിച്ചതായി കുട്ടി പൊലീസിനോട് പറഞ്ഞു. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തപ്പോൾ യുവതി ഇയാളോടൊപ്പം ഒളിച്ചോടുകയായിരുന്നു. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ താമസിച്ചു വരികയായിരുന്ന ഇരുവരെയും കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാവുംപുറം മീമ്പാറയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്നു ഇവർ. ഇരുവർക്കുമെതിരെ പോക്‌സോ വകുപ്പും പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിനും കേസെടുത്തിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി ഇപ്പോൾ അച്ഛനൊപ്പമാണ്. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി.