tree

കല്യാശ്ശേരി: കീച്ചേരിയിൽ എട്ടു മാസമായി ഉണങ്ങി നിൽക്കുന്ന മരം അപകട ഭീഷണിയാകുന്നു. മരത്തിന് കീഴിൽ ഹോട്ടലടക്കമുള്ള സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. അൻപതോളം ഓട്ടോറിക്ഷകളും 15 ചരക്ക് കയറ്റുന്ന പിക്കപ്പ് വാഹനങ്ങളും ഇവിടെയാണ് പാർക്ക് ചെയ്യുന്നത്. മെയ് ഫ്ലവറിന്റെ കൂറ്റൻ മരമാണ് ഉണങ്ങി നിൽക്കുന്നത്.

ഇതിന്റെ ചില്ലകൾ പലപ്പോഴും കടകൾക്ക് മുകളിലും ഓട്ടോ റിക്ഷകൾക്കും മുകളിലും വീണിട്ടുണ്ട്. ഭാഗ്യം കൊണ്ട് ഇതുവരെ കാര്യമായ അപകടങ്ങൾ ഉണ്ടായിട്ടില്ല. മരത്തിന് കീഴിലൂടെ തലങ്ങും വിലങ്ങും നിരവധി ഹൈ ടെൻഷൻ വൈദ്യുതി ലൈനുകൾ കടന്നു പോകുന്നുണ്ട്. സന്നദ്ധ സേവനം വഴി മുറിച്ച് മാറ്റാൻ ആൾക്കാർ മുന്നോട്ട് വരുന്നുണ്ടെങ്കിലും വൈദുതി ലൈൻ തടസമായി. കീച്ചേരി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ വൈദ്യുതി വകുപ്പിനെ അറിയിച്ചപ്പോൾ ഫണ്ടില്ലെന്ന മറുപടിയാണ് നൽകുന്നത്. പാപ്പിനിശേരി പഞ്ചായത്ത് അധികൃതരെ ബന്ധപ്പെടുമ്പോൾ മരം ദേശീയ പാത അതോറിറ്റിയുടെ കീഴിലാണെന്ന മറുപടിയും ലഭിച്ചതായി ഓട്ടോ ഡ്രൈവർമാർ പറയുന്നു. പ്രശ്നം ദേശീയ പാത അധികൃതരെ അറിയിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഉണങ്ങിയ മരം അടിയന്തിരമായും മുറിച്ചു മറ്റുന്നില്ലെങ്കിൽ ഏത് നിമിഷവും അപകടം ഉണ്ടായേക്കാം. ഓട്ടോ പാർക്കിംഗ് റോഡ് കീച്ചേരിയിലെ മാർക്കറ്റ് റോഡ് കൂടിയാണ്. പ്രദേശത്തെ സഹകരണ സ്റ്റോർ, മുസ്ലീം പള്ളി എന്നിവയും ഈ റോഡരികിലാണ്. മരത്തിന് കീഴിലാണ് ദേശീയ പാതയ്ക്കരികിലെ കീച്ചേരി ബസ് സ്റ്റോപ്പും സ്ഥിതി ചെയ്യുന്നത്.