rajan

കൊയിലാണ്ടി: പ്രിയ സഖീ, പോയ് വരൂ ... ആർദ്രവും വിഷാദാത്മകവുമായ വരികൾ കേട്ടതോടെ പുരുഷാരം നിശ്ശബ്ദമായി. നാല് പതിറ്റാണ്ട് മുമ്പ് ജില്ലയിലെ ഗാനമേളകളിൽ മുഴങ്ങി കേട്ട വരികൾ. കൊയിലാണ്ടി മണക്കാട് രാജന്റേതായിരുന്നു. പറയത്തക്ക സംഗീത പഠനം ഒന്നുമില്ലെങ്കിലും രാജന്റെ സാന്നിദ്ധ്യം ഗാനമേളകളിൽ അനിവാര്യമായി മാറുകയായിരുന്നു. റേഡിയോ പോലും അപൂർവമായിരുന്ന ആ കാലത്താണ് ഒറിജിലിനെ പോലും വെല്ലുന്ന മട്ടിൽ മണക്കാട് രാജൻ പാടിയിരുന്നതായി അന്നത്തെ ശ്രോതാക്കൾ ഓർത്തെടുക്കുന്നു.

മലബാർ സുകുമാരൻ ഭാഗവതരിൽ നിന്നും ആറ് മാസം സംഗീതം അഭ്യസിച്ചത് ഒഴിച്ചാൽ മറ്റ് പഠനങ്ങളൊന്നും രാജനില്ല. യേശുദാസ് നടത്തിയിരുന്ന തരംഗിണിയിൽ ഫീസ് ഒടുക്കാതെ സംഗീതം പഠിക്കാൻ അവസരം കിട്ടിയങ്കിലും സാമ്പത്തിക പ്രയാസം നിമിത്തം പോകാൻ കഴിയാത്തത് ഇന്നും നീറുന്ന ഓർമ്മയായി മനസിലുണ്ടെന്ന് രാജൻ പറഞ്ഞു.

ചെറുപ്പത്തിൽ കല്യാണ വീടുകളിലും ഉത്സവ പറമ്പിലും പാടിത്തുടങ്ങിയ രാജന്റെ ഭാഗ്യ നക്ഷത്രം തെളിയുന്നത് കൊയിലാണ്ടി ഭഗത്സിംഗ് സ്‌പോർട്ട്സ് ക്ലബിന്റെ ധനശേഖരണാർത്ഥം നടന്ന ഗനമേളയിലൂടെയാണ്. പിന്നണി ഗായകനായിരുന്ന വിൻസന്റ് ജോയിയുടെ ട്രൂപ്പായിരുന്നു ഗാനമേള നടത്തിയത്. ഗാനമേളയ്ക്കിടയിൽ സംഘാടകരുടെ നിർബന്ധത്തിന് വഴങ്ങി ട്രൂപ്പ് രാജന് ഒരു പാട്ട് പാടാൻ അവസരം കൊടുത്തു. ഇതോടെ രാജൻ ഒരു പാട്ടുകാരനായി അംഗീകാരം നേടുകയായിരുന്നു.

കോഴിക്കോട്ടെ നിരവധി ട്രൂപ്പുകൾ ഗാനമേളയ്ക്കായി രാജനെ അക്കാലത്ത് ബുക്ക് ചെയ്യാൻ എത്തിയതായി രാജൻ പറഞ്ഞു. നക്ഷത്ര ദീപങ്ങൾ, ശ്രീപദം വിടർന്ന സരസീരുഹത്തിൽ, പ്രിയ സഖീ പോയ് വരൂ, പ്രണയ സരോവര തീരം, രവി വർമ്മ ചിത്രത്തിൻ രതി ഭാവമേ , ഇങ്ങനെ മണക്കാട് രാജന്റെ ഹിറ്റുകൾക്ക് വേണ്ടി ശ്രോതാക്കൾ ഹർഷാരവത്തോടെ ആവശ്യപ്പെടുകയായിരുന്നു. ഒരു തലമുറയുടെ സെലിബ്രറ്റി ഗായകനായി മാറുകയായിരുന്നു രാജൻ. ഉത്സവത്തിന് പണപ്പിരിവ് കൂട്ടാനും, സാംസ്‌ക്കാരിക പരിപാടിക്ക് ആളു കൂടാനും മണക്കാട് രാജന്റെ ഗാനമേള കൂടി വേണമെന്നായി. മണക്കാട് രാജനും അന്തരിച്ച പയ്യോളി ദേവദാസും കോഴിക്കോട് സുശീലയുമടങ്ങുന്ന ഗാനമേള ട്രൂപ്പ് ഉത്സവനഗരികളെ സംഗീതലഹരിയുടെ ഹർഷോന്മാദങ്ങളിലെത്തിച്ചു. യേശുദാസും ബാലസുബ്രഹ്മണ്യവും എസ് ജാനകിയുമെല്ലാം സ്റ്റേജിൽ പുനർജനിച്ചു.

പദ രേണു തേടി അലഞ്ഞൂ , കൂട ജാദ്രിയിൽ ഇതിലൊക്കെ ഒരസാധാരണ മണക്കാട് ടെച്ച് ഉണ്ടായിരുന്നെന്നാണ് ശ്രോതാക്കൾ പറയുന്നത്. 90കളോടെ ഗാനമേളകൾ സ്റ്റേജ് ഷോ സംസ്‌കാരത്തിലേക്ക് വഴിമാറി. അതോടെ ഈ ഗായകൻ രംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. ഇപ്പോൾ ഉപജീവനത്തിനായി കൊയിലാണ്ടിയിൽ ലോട്ടറി ടിക്കറ്റ് വില്പനയിലാണ് ഈ അനുഗ്രഹീത കലാകാരൻ . ആവശ്യപ്പെടുമ്പോൾ പാടാനും രാജന് മടിയില്ല. കഴിഞ്ഞ കാലത്തെ പറ്റിയൊന്നും ഒട്ടും വേവലാതിയില്ലാതെ ജീവിതത്തെ സധൈര്യം നേരിടുകയാണ് ഈ കലാകാരൻ. സംഗീതം തന്നെയാണ് രാജന് ജീവിതം.