handicrafts-development-c

തിരുവനന്തപുരം: കരകൗശല തൊഴിലാളികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്യാനും മറ്റുമായി കേന്ദ്ര കരകൗശല വികസന കമ്മിഷണറേറ്റ് കരകൗശല വികസന കോർപറേഷന് നൽകിയ തുകയിൽ കോടികൾ വെട്ടിച്ച സംഭവത്തിൽ ടെക്സ്റ്റൈൽസ് മന്ത്രാലയം അന്വേഷണം തുടങ്ങി. തുടർപദ്ധതികൾ നിറുത്തിവയ്ക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

അന്വേഷണത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് നിർദ്ദേശിച്ചത്. വൻഅഴിമതിയെക്കുറുച്ച് അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ നേരത്തേ പറഞ്ഞിരുന്നു.

കേന്ദ്രത്തിൽ നിന്ന് ആദ്യതുക കിട്ടുമ്പോൾ നിലവിലെ മ‌ഞ്ചേശ്വരം എം.എൽ.എ എം.സി. കമറുദ്ദീൻ ആയിരുന്നു കോർപറേഷന്റെ ചെയർമാൻ. 25.15 കോടി രൂപയുടേതായിരുന്നു വികസന പദ്ധതി. കേന്ദ്രവിഹിതമായി 2015-16ൽ 9.09 കോടി രൂപയാണ് കിട്ടിയത്. 2017-18ൽ 4.05 കോടിയും ലഭിച്ചു. തുക കിട്ടി 12 മാസത്തിനുള്ളിൽ ചെലവഴിക്കണമെന്ന നിബന്ധനയോടെയാണ് ഓരോ തവണയും അനുവദിച്ചത്.

തൊഴിലുപകരണ വിതരണത്തിന് വിഹിതം 10 കോടിയാണ്. അഞ്ച് കോമൺ ഫെസിലിറ്രി കേന്ദ്രങ്ങൾക്കായി 3 കോടി രൂപ,‌ ഡിസൈൻ ആൻ‌ഡ് ടെക്നോളജിക്കൽ അപ്ഗ്രഡേഷന്റെ ഭാഗമായി ബോധവത്കരണത്തിന് 75 ലക്ഷം രൂപ, 20 സ്ഥലങ്ങളിൽ പരിശീലനത്തിന് 3 ലക്ഷം വീതം, മാർക്കറ്ര് സപ്പോർട്ടിന്റെ ഭാഗമായി ഗാന്ധി ശില്പ ബസാറും ക്രാഫ്റ്റ് ബസാറുകളും എക്സിബിഷനുകളും നടത്താൻ 10.3 കോടി രൂപയുമാണ് വകയിരുത്തിയത്.

വെട്ടിപ്പ് വഴി

10,000 രൂപ വീതം വില വരുന്ന തൊഴിലുപകരണങ്ങൾ 10,000 പേർക്ക് വിതരണം ചെയ്യേണ്ടിടത്ത് 4000 രൂപ വരുന്ന ഉപകരണങ്ങളാണ് നൽകിയത്. അതും ആയിരത്തിൽ താഴെ പേർക്കു മാത്രം. മറ്റിനങ്ങളിൽ അനുവദിച്ച തുകയിലും ഇതു പോലെ വെട്ടിപ്പ് നടന്നെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരത്തെ എസ്.എം.എസ്.എം ഇൻസ്റ്രിറ്ര്യൂട്ടിന് പുതിയ കെട്ടിടം പണിയാൻ കേന്ദ്രം 2009ൽ നൽകിയത് 1.2 കോടി രൂപയാണ്. പണി തീർന്നത് 11 വർഷം കഴിഞ്ഞ് ഒരാഴ്ച മുമ്പും. ഇതിലും അന്വേഷണമുണ്ടാകും.

കേന്ദ്രത്തിൽ നിന്ന് കിട്ടിയത്

9.09 കോടി: 2015-16ൽ

4.05 കോടി: 2017-18ൽ