temperature

മഴക്കാലത്ത് പടർന്നുപിടക്കുന്ന രോഗമാണ് എലിപ്പനി. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. എലികൾ മാത്രമല്ല കുറുക്കൻ,​ പട്ടി, പൂച്ച, അണ്ണാൻ, മുയൽ തുടങ്ങിയ വളർത്തുമൃഗങ്ങളും എലിപ്പനി പരത്തും. ഈ രോഗത്തിന്റെ കാരണക്കാർ കൂടുതലും എലികളാണ് എന്നതിനാലാണ് എലിപ്പനി എന്ന പേരുവീണത്. രോഗബാധിതരായ എലികളുടെ മല- മൂത്രങ്ങളിലൂടെ വർഷങ്ങളോളം അണുക്കൾ വിസർജിക്കപ്പെടുന്നു. വിസർജ്യം കലർന്ന വെള്ളം ഉപയോഗിക്കുമ്പോൾ ശരീരത്തിലെ മുറിവിലൂടെയും വെള്ളം കുടിക്കുമ്പോൾ വായിലെ മുറിവിലൂടെയും മനുഷ്യശരീരത്തിലേക്ക് രോഗാണുക്കൾ പ്രവേശിക്കും.

വെള്ളമൊഴുകുന്ന കനാലുകളുടെ വശങ്ങളിലെ മാളങ്ങളിൽ കഴിയുന്ന എലികളുടെ വിസർജ്യം,​ മഴവെള്ളത്തിൽ കലർന്ന് കനാലുകളിലെത്തുകയും അവ ഒഴുകി ജലാശയങ്ങൾ, കൃഷിയിടങ്ങൾ, മറ്റു സ്രോതസുകൾ എന്നിവയിലെത്തുകയും ചെയ്യും. മുൻകരുതലുകൾ സ്വീകരിക്കാതെ ഓടകൾ വൃത്തിയാക്കുക, തൊഴിലുറപ്പ് ജോലികളിലും കെട്ടിട നിർമ്മാണത്തിലും ആവശ്യമായ മുൻകരുതൽ ഇല്ലാതിരിക്കുക, മലിന ജലാശയങ്ങളിലെ വെള്ളം ഉപയോഗിക്കുക, മുഖം കഴുകുമ്പോൾ നേത്രപടലത്തിലൂടെ പകരുക, എലിയുടെ മൂത്രം കലർന്ന ആഹാരം ഉപയോഗിക്കുകയോ, മൃഗങ്ങളെ കുളിപ്പിക്കുകയോ ചെയ്യുന്നവർക്ക് ലെപ്റ്റോസ്പൈറ ഇന്ററോഗൻസ് എന്ന ബാക്ടീരിയ പകരുന്നതിലൂടെ എലിപ്പനി അഥവാ ലെപ്റ്റോ സ്പൈറോസിസ് എന്ന രോഗം ബാധിക്കാം. വീൽസ് ഡിസീസ് എന്നും ഇതിന് പേരുണ്ട്.

ദേഹവേദനയും പനിയും പ്രധാന ലക്ഷണങ്ങൾ

രോഗാണു ബാധിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. കുളിര്, വിറയലോടുകൂടിയ പനി, കഠിനമായ ദേഹവേദന പ്രത്യേകിച്ച്,​ കാലിലെ പേശി വേദന, ഛർദ്ദി, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത് 10 ദിവസം കൊണ്ട് മാറുകയും ചെയ്യും.

എന്നാൽ രോഗാണുക്കൾ തലച്ചോറിനെ ബാധിച്ച് മെനിഞ്ചൈറ്റിസ്, കരളിനെ ബാധിച്ച് മഞ്ഞപ്പിത്തം, വൃക്കകളെ ബാധിച്ച് നെഫ്രൈറ്റിസ്, ശ്വാസകോശങ്ങളെ ബാധിച്ച് ന്യൂമോണിയ എന്നിവയും ഉണ്ടാകാം. അങ്ങനെയെങ്കിൽ അതത് രോഗങ്ങളുടെ ലക്ഷണങ്ങൾ കൂടാതെ കണ്ണുകളിൽ ചുവപ്പ്, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്ത നിറമാകൽ, തൊലിപ്പുറത്ത് ചുവന്ന തിണർപ്പുകൾ, അധികമായ ഛർദ്ദി,ത്വക്കിൽ രക്തം കിനിയുന്ന ചുവന്ന സ്പോട്ടുകൾ, ശക്തമായ വയറുവേദന എന്നിവയുമുണ്ടാകും. ഇവ മരണത്തിനുവരെ കാരണമായേക്കാം. രക്തവും മൂത്രവും ലബോറട്ടറി പരിശോധന നടത്തി രോഗം നിർണയിക്കാം.

വിശ്രമം അനിവാര്യം
 ഏഴുദിവസം വരെയുള്ള ആദ്യഘട്ടത്തിൽ ആയുർവേദ ചികിത്സകൾ ഫലപ്രദമാണ്. പരിപൂർണ്ണ വിശ്രമം അനിവാര്യമാണ്. ദഹിക്കുവാൻ പ്രയാസമുള്ള ആഹാരങ്ങളോ മദ്യമോ പാലുൽപ്പന്നങ്ങളോ പാടില്ല.

 ഏഴുദിവസം കഴിഞ്ഞും രോഗം നീണ്ടുനിൽക്കുകയാണെങ്കിൽ രോഗിയെ ആശുപത്രിയിൽ കിടത്തി ശരിയായ നിരീക്ഷണത്തിനു വിധേയമാക്കി അവയവങ്ങളെ ബാധിക്കാതിരിക്കാൻ ആവശ്യമായ ശ്രദ്ധ കൊടുക്കണം.

വളർത്തുമൃഗങ്ങളെ അകറ്റി നിർത്തണം

 ആഹാരാവശിഷ്ടങ്ങൾ കൂട്ടിയിട്ട് എലികളെ ആകർഷിക്കരുത്.

 കത്തിച്ചു കളയാവുന്ന മാലിന്യങ്ങൾ ശരിയായരീതിയിൽ അന്നുതന്നെ കത്തിച്ചു കളയുക.

 എലികളുടെ വാസസ്ഥലങ്ങൾ നിരീക്ഷിച്ച് എലിവിഷം, എലിക്കെണി തുടങ്ങിയവ വയ്ക്കുക.

 കെട്ടിക്കിടക്കുന്നതും സുരക്ഷിതമാണോയെന്ന് സംശയമുള്ളതുമായ വെള്ളം ഉപയോഗിക്കരുത്. ഇതിൽ വസ്ത്രങ്ങളോ പാത്രങ്ങളോ പച്ചക്കറികളോ കഴുകരുത്.

 മണ്ണിലും വെള്ളത്തിലും പണിയെടുക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ശ്രദ്ധിക്കണം. കയ്യുറകളും കാലുറകളും ഉപയോഗിക്കുക.

 ആഹാരസാധനങ്ങൾ എലികളുടെ വിസർജ്യം വീഴാതെ മൂടിവയ്ക്കുക.

 നന്നായി സൂക്ഷിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ നിന്നു മാത്രമേ ആഹാരാവശ്യത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വാങ്ങാവൂ.

 പൂച്ച, പട്ടി തുടങ്ങിയ വളർത്തുമൃഗങ്ങളെ അകറ്റി നിർത്തുക.

 വെള്ളം ശുദ്ധീകരിക്കുന്നതിന് ബ്ലീച്ചിംഗ് പൗഡർ ശരിയായ രീതിയിൽ ഉപയോഗിക്കുക. ഇതിനായി ആയുർവേദ ഔഷധക്കൂട്ടുകളും ഫലപ്രദമാണ്. ഇത് സൗജന്യമായി സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കും.