dxd

കിളിമാനൂർ:തദ്ദേശ തിരഞ്ഞെടുപ്പ് മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചാരണം പൊടിപാറിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർത്ഥികൾ. യു.ഡി.എഫിലും എൽ.ഡി.എഫിലും ചിലയിടങ്ങളിലൊഴികെ സ്ഥാനാർത്ഥികളെ സംബന്ധിച്ചു കൃത്യമായ ധാരണയായിട്ടുണ്ട്. ചില പഞ്ചായത്തുകളിൽ മത്സരാർത്ഥികളെ പ്രഖ്യാപിച്ചു. ഇതിനകം സോഷ്യൽ മീഡിയയിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണമാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇതോടെ നവ മാധ്യമങ്ങളുടെ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്താനുള്ള തീരുമാനത്തിലാണ് മുന്നണികളും പാർട്ടികളും.

മുൻപത്തെപ്പോലെ വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണം ഇത്തവണ പ്രായോഗികവുമല്ല. സ്ഥാനാർത്ഥിയടക്കം പരമാവധി അഞ്ചു പേരേ ഇത്തവണ വീടുകളിൽ കയറിയിറങ്ങിയുള്ള പ്രചാരണത്തിൽ പാടുള്ളൂ എന്ന നിബന്ധനയും കമ്മിഷൻ ഇറക്കിയിട്ടുണ്ട്. ഇതോടെ ഡിജിറ്റൽ യുദ്ധമാകും ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാവുക.

ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം,യൂട്യൂബ് തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിലൂടെയാവും ഇനിയുള്ള ദിവസങ്ങളിലെ തിരഞ്ഞെടുപ്പ് പോരാട്ടം. ഓരോ പ്രദേശത്തെയും പൊതു വാട്സാപ്പ് ഗ്രൂപ്പുകളിൽ പരമാവധി പ്രവർത്തകരുടെ സാന്നിദ്ധ്യം ഉറപ്പാക്കാനും അഭിപ്രായപ്രകടനങ്ങൾ നടത്താനും പാർട്ടികൾ നിർദ്ദേശം നൽകിയിട്ടുണ്ട്. വാർഡ് തലങ്ങളിലടക്കം സൈബർ സേനകൾക്ക് ഇതിനകം രൂപം നൽകിയിട്ടുണ്ട്.